ഇടുക്കി: പ്രഖ്യാപനം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴും അയ്യായിരം കോടിയുടെ ഇടുക്കി പാക്കേജ് ഫയലില്‍ മാത്രം. ബജറ്റില്‍ അവഗണിക്കപ്പെട്ട ഇടുക്കി ജില്ലക്കായി ധനമന്ത്രി തോമസ് ഐസക്കാണ് നിയമസഭയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന്പോലും വ്യക്‌തമായ ധാരണയില്ല. ഇടുക്കിയിലെ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ അയ്യായിരം കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചത്. കുരുമുളക്, ഏലം തുടങ്ങിയ സുഗഗന്ധവിളകളുടെയും തെയില പച്ചക്കറി അടക്കമുള്ളവയുടെ ഉല്‍പ്പാദനവും ഉല്‍പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് പദ്ധതി ലക്ഷ്യം വച്ചിരുന്നത്.
ഇതോടൊപ്പം തന്നെ ഇറച്ചി സംസ്‌കരണ യൂണിറ്റ്, ക്ഷീര സാഗരം മാതൃകയില്‍ സമഗ്ര കന്നുകാലി വളര്‍ത്തല്‍ പദ്ധതി, ചക്കയടക്കമുള്ളവയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്ക് കേന്ദ്രീകൃത സംവിധാനമൊരുക്കുക, മഴയിലും പ്രളയത്തിലും പെട്ട് പോഷക മൂല്യങ്ങളും ജൈവാംശവും നഷ്ടപ്പെട്ട കൃഷി ഭൂമിയിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിന് മണ്ണ്പരിശോധന നടത്തി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതടക്കമുള്ള പദ്ധതികളും പ്രത്യേക പാക്കേജിലൂടെ ലക്ഷ്യം വച്ചിട്ടുണ്ട്.