ഇടുക്കി: കാട്ടാന ആക്രമണത്തില്‍ പൊറുതിമുട്ടി ഇടുക്കി ജില്ലയിലെ മലയോര പ്രദേശവാസികൾ. സൂര്യനെല്ലി ചിന്നക്കനാല്‍ ശാന്തൻപാറ പൂപ്പാറ അടക്കമുള്ള മേഖലകളില്‍ കാട്ടാന ആക്രമണം നിത്യസംഭവമായി മാറിയിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിനടയില്‍ അനക്കലിയില്‍ പൊലിഞ്ഞത് മുപ്പത്തിയെട്ട് മനുഷ്യ ജീവനുകളാണ്. 2003 അവസാനത്തോടെ ആരംഭിച്ചതാണ് പ്രദേശത്തെ കാട്ടാന ശല്യം. വന മേഖലകളെ കുറിച്ച് കൂടുതല്‍ അറിവില്ലാത്തവരും തോട്ടം തൊഴിലാളികളുമാണ് കൂടുതലും കാട്ടാന ആക്രമണത്തിന് ഇരയായിരിക്കുന്നത്. മൂലത്തറ ആനയിറങ്കല്‍ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടന്നിരിക്കുന്നത്. ഈ മേഖലയില്‍ മാത്രമായി 26 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൂര്യനെല്ലിയിലെ തങ്കരാജാണ് ആനക്കലിയിലെ അവസാന ഇര. മനുഷ്യ കുരുതിക്ക് പുറമേ ഏക്കർ കണക്കിന് കൃഷിയിടവും നിരവധി വീടുകളും ഏലക്കാ സ്റ്റോറുകളുമടക്കം കരിവീരന്മാര്‍ തകര്‍ത്തെറിഞ്ഞു. രാത്രി പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയും, വീടിനു പുറത്ത് ആഴി കൂട്ടി കാവലിരുന്നുമാണ് നാട്ടുകാര്‍ കാട്ടാനകളെ പ്രതിരോധിക്കുന്നത്.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യ മൃഗങ്ങളില്‍ നിന്നും സംരക്ഷണം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ കോടി കണക്കിന് രൂപ വകയിരുത്തിയെങ്കിലും നാളിതുവരെ യാതൊരു പദ്ധതിയും നടപ്പിലാക്കിയില്ല. നടപടി എടുത്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.