ഇടുക്കി: മൂന്നാർ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷം. വന്യമൃഗങ്ങളെ പേടിച്ച് പുറത്ത് ഇറങ്ങാനോ തൊഴിലിടങ്ങളില്‍ പോകാനോ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. തോട്ടംമേഖലയിൽ ജോലി ചെയ്യുന്നവരാണ് പ്രദേശവാസികളില്‍ അധികവും. കൃഷിയും കന്നുകാലിവളർത്തലുമാണ് ഇവര്‍ അധികവരുമാനത്തിനായി ആശ്രയിക്കുന്ന മേഖലകള്‍. എന്നാൽ വന്യമൃഗങ്ങളുടെ ശല്യംമൂലം കാലിവളർത്തലുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പെരിയവാരൈ എസ്റ്റേറ്റിൽ മാത്രം രണ്ടുവർഷത്തിനിടെ എട്ട് പശുക്കളെയാണ് പുലി കൊന്നൊടുക്കിയത്. കഴിഞ്ഞ ദിവസം അൻപഴകൻ എന്നയാളുടെ ആറുവയസുള്ള പശുവിനെ കൊലപ്പെടുത്തി. എട്ട് മാസം ഗർഭിണിയായ പശുവിനെയാണ് പുലി കൊന്നത്. ഇയാളുടെ മൂന്നാമത്തെ പശുവാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
ഗാന്ധി, മുരുകയ്യ എന്നിവരുടെ കന്നുകാലികളും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ നഷ്‌ടപരിഹാരം നൽകാൻ വനപാലകർ ഇതുവരെ തയാറായിട്ടില്ല. ജനവാസമേഖലയിൽ സമാധാനമായി ജിവിക്കാൻ കഴിയാത്ത അവസ്ഥയെത്തിയിട്ടും നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന പരാതിയും പ്രദേശവാസികൾ ഉന്നയിക്കുന്നു.