ഇടുക്കി: തേവാരം മെട്ടില്‍ കാട്ടാന ആക്രമണ ഭീതിയുള്ള മേഖലകളിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും കാട് വെട്ടിനീക്കണമെന്ന് നാട്ടുകാര്‍. എക്‌സൈസ് വകുപ്പിന്‍റെ കീഴിലുള്ള കാട് പിടച്ച് കിടക്കുന്ന ഭൂമി കാട്ടാനകള്‍ താവളമാക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. പ്രദേശത്ത് വഴി വിളക്കുകൾ ഇല്ലാത്തതും ഭീതി ഉയര്‍ത്തുന്നുന്നുണ്ട്.
കേരളാ- തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് തേവാരം മെട്ട്. തമിഴ്‌നാട്ടിലെ വനമേഖലയില്‍ നിന്ന് എത്തുന്ന കാട്ടാനകള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നാശനഷ്ടം വരുത്തുന്നത് പതിവാണ്. ഒരാഴ്‌ച മുമ്പ് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ തേവാരം മെട്ട് മേഖലയില്‍ കാട്ടാന ശല്യം ഉണ്ടാകുന്നുണ്ട്. എട്ട് കര്‍ഷകരുടെ അഞ്ചേക്കറിലധികം ഭൂമിയിലെ കൃഷി നശിപ്പിച്ചു. പത്ത് ലക്ഷത്തിലധികം രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിവരം. കാര്‍ഷിക മേഖലയിലേയ്ക്ക് ആന ഇറങ്ങുന്നത് തടയുന്നതിനായി നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് ട്രഞ്ച് നിർമിച്ചിരുന്നു. എന്നാല്‍, ജനവാസ മേഖലയോട് ചേര്‍ന്ന് കാടിന് സമാനമായ പ്രദേശങ്ങള്‍ ആനകള്‍ താവളമാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തേവാരം മെട്ടില്‍ എക്‌സൈസ് വകുപ്പിന്‍റെ കീഴിൽ മൂന്ന് ഏക്കര്‍ ഭൂമിയുണ്ട്. ഇവിടം വര്‍ഷങ്ങളായി കാട് പിടിച്ച് കിടക്കുകയാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റിനായുള്ള സ്ഥലം നിലവില്‍ എക്‌സൈസ് വകുപ്പ് ഉപയോഗിക്കുന്നില്ല. പ്രദേശം കാട് പിടിച്ച് കാട്ടാനകൾ താവളമാക്കുന്നതിനാൽ, രാത്രി കാലങ്ങളിൽ കൃഷിയിടത്തിലേയ്ക്ക് ഇറങ്ങുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മേഖലയില്‍ വഴി വിളക്കുകളുടെ അഭാവം വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിയ്ക്കുന്നത്. പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സ്ഥാപിച്ച വഴി വിളക്കുകളില്‍ പലതും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. വെളിച്ചക്കുറവ് മൂലം രാത്രി സമയങ്ങളില്‍ ആന ഇറങ്ങിയാല്‍ ഓടി രക്ഷപെടാന്‍ പോലും സാധിക്കില്ല. നിലവില്‍ ഇവിടെയുള്ള കാട്ടാനകളെ വനമേഖലയിലേയ്ക്ക് മടക്കി അയക്കാന്‍ നടപടി സ്വീകരിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വൈദ്യുത വേലി സ്ഥാപിക്കുകയും വഴിവിളക്കുകള്‍ സജ്ജമാക്കുകയും രാത്രി പെട്രോളിങ്ങ് സജീവമാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.