ഇടുക്കി:ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി മാസങ്ങൾക്കു ശേഷം മൂന്നാർ ടൗണിൽ വീണ്ടും കാട്ടാനകളെത്തി. ലോക്‌ഡൗൺ നാളുകളിൽ ആളൊഴിഞ്ഞ സമയത്താണ് കാട്ടാനകൾ ടൗണിലെത്തിയിരുന്നെങ്കിൽ ഇത്തവണ ടൗൺ സജീവമായിരുന്ന സമയത്താണ് കാട്ടാകളുടെ വരവ്.
കുന്നിറങ്ങി മൂന്നാർ നല്ല തണ്ണി ജംഗ്ഷനിലുള്ള പാലത്തിലൂടെയാണ് കാട്ടാനയെത്തിയത്. ടൗണിലെത്തിയ കാട്ടാന അവിടെയുള്ള പച്ചക്കറി കട ആക്രമിക്കുവാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ ബഹളം വച്ചതോടെ മടങ്ങി. മാസങ്ങൾക്കു മുൻപ് തകർത്ത കൊച്ചു കുഞ്ഞിൻ്റെ പച്ചക്കറി കടയായിരുന്നു കാട്ടാന വീണ്ടും ആക്രമിക്കാൻ ശ്രമിച്ചത്.
അതേ സമയം നാട്ടുകാരുടെ ഉറക്കം കെടുത്തി ജനവാസ മേഖലയായ ഇക്കാ നഗറിലും രണ്ടു കാട്ടാനകളെത്തി. എസ്.രാജേന്ദ്രൻ എം.എൽ.എയുടെ വീടിനു സമീപത്തെത്തിയ കാട്ടാനകൾ പുലരുവോളം അവിടെ നിൽക്കുകയും പ്രദേശത്തുള്ള വാഴകൾ ഭക്ഷണമാക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. കഴിഞ്ഞ മാസവും ഇതേ സ്ഥലത്ത് കാട്ടാന എത്തിയിരുന്നു. കാട്ടാനകൾ എത്തുന്നത് പതിവായതോടെ ഇക്കാ നഗർ നിവാസികൾ പരിഭ്രാന്തിയിലാണ്.