ഇടുക്കി: മൂന്നാര്‍ ടൗണില്‍ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ വനംവകുപ്പ് കൃത്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാരോപിച്ച് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ മൂന്നാര്‍ ഉടുമല്‍പ്പേട്ടയില്‍ സംസ്ഥാന പാത ഉപരോധിച്ചു. മൂന്നാറിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ വനംവകുപ്പിന്‍റെ ഇടപെടല്‍ വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.
തുടര്‍ച്ചയായി മൂന്നാര്‍ ടൗണില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലായിരുന്നു പ്രതിഷേധം. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിനൊപ്പം വ്യാപരികള്‍ക്കും കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.