ഇടുക്കി: ഇടുക്കി പീരുമേട്ടില്‍ ജനവാസകേന്ദ്രത്തില്‍ ഭീതി പരത്തി കാട്ടാനക്കൂട്ടം. കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടുമുറ്റത്തെത്തിയ കാട്ടാനകൾ കൃഷികൾ നശിപ്പിച്ചത്. വനം വകുപ്പില്‍ അറിയിച്ചിട്ടും നടപടി എടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു.
പീരുമേട് സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് സമീപമാണ് ആനക്കൂട്ടം എത്തി കൃഷികള്‍ നശിപ്പിച്ചത്. പ്രദേശത്തെ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചു. പെരിയാര്‍ കടുവാ സങ്കേതം ഉള്‍പ്പെട്ട മുറിഞ്ഞപുഴ വനത്തില്‍ നിന്നുമാണ് ആനയിറങ്ങിയത്.
വാഴ, പ്ലാവ്, കവുങ്ങ്, ഏലം കാപ്പി ,കുരുമുളക് കൃഷികളാണ് നശിപ്പിച്ചവയിൽ ഏറെയും. രാത്രി കാലങ്ങളില്‍ ആനകൂട്ടം വീടിന് മുമ്പില്‍ എത്തുന്നതിനാൽ നാട്ടുകാര്‍ ഭീതിയിലാണ്. ആനകൂട്ടം എത്തിയ വിവരം വനം വകുപ്പ് ഓഫീസില്‍ പലതവണ അറിയിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്ന പരാതിയുണ്ട്. കാട്ടാനകൂട്ടം ജനവാസ മേഖലയിൽ സ്ഥിരമായി എത്തുന്നത് പ്രദേശവാസിളുടെ ഉറക്കം കെടുത്തിരിക്കുകയാണ്.