ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. 301 കോളനിയിലെ അമ്മിണിയമ്മയുടെ വീട് ഭാഗികമായി തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
അമ്മിണിയമ്മയും മകള്‍ സാറാമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആക്രമണത്തില്‍ വീടിന്‍റെ അടുക്കള പൂര്‍ണമായും തകര്‍ന്നു. രോഗിയായ അമ്മിണിയമ്മ കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയത്.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും വനപാലകരും ചേര്‍ന്ന് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തി. സ്ഥിരമായി ജനവാസ മേഖലയിലെത്തി ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മയക്കുവെടി വച്ച് പിടികൂടാനാണ് തീരുമാനം.
ആനയെ പിടികൂടിയതിന് ശേഷം തളയ്‌ക്കുന്നതിനുള്ള കൂട് നിര്‍മിക്കുന്നതിനായി മരങ്ങള്‍ കണ്ടെത്തി മുറിച്ച് കോടനാടെത്തിക്കണം. അവിടെ വച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. നിലവില്‍ കോടനാട് ഉള്ള കൂടിന്‍റെ സുരക്ഷയും പരിശോധിക്കും.
ഇതിനെല്ലാം ശേഷമാകും ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ആനയെ പിടികൂടുന്നതിനുള്ള 20 അംഗ സംഘവും കുങ്കിയാനകളുമെത്തുക. അതേസമയം നടപടികൾ വേഗത്തിലാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നുണ്ട്.