ഇടുക്കി: കാടുകയറാതെ കാട്ടു കൊമ്പന്മാർ മൂന്നാറിൽ തമ്പടിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മൂന്നാറിലെ കോളനികളിൽ കാട്ടാനകൾ നാശം വിതച്ചത് മൂന്ന് തവണയാണ്. ആയിരക്കണക്കിന് തോട്ടം തൊഴിലാളി കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്. കാട്ടാനക്കൂട്ടം വീടുകളും കൃഷിയിടങ്ങളും വ്യാപകമായി നശിപ്പിച്ചു.
കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ സഹായത്തിനായി ഡിഎഫ്ഒ അടക്കമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഇതിനെതിരെ ജനപ്രതിനിധികളും രംഗത്തെത്തി. ആയിരക്കണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനിയിൽ പകൽ സമയത്ത് പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കൊച്ചുകുട്ടികളും പ്രായമായവരും അടക്കം ഭീതിയോടെയാണ് കഴിയുന്നത്. കാട്ടാനകളെ തുരത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.