ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാന ആക്രമണം അതിരൂക്ഷം. ശനിയാഴ്‌ച രാത്രിയിലുണ്ടായ ഒറ്റയാന്‍റെ ആക്രമണത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. ചിന്നക്കനാല്‍ വിലക്ക്, മില്ലേനിയം കോളനിയിൽ പുലർച്ചെ ഒന്നരയോടെയാണ് ഒറ്റയാന്‍റെ ആക്രമണം നടത്തിയത്.
കോളനിവാസിയായ തങ്കത്തിന്‍റെ വീടിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീടിനോട് ചേര്‍ന്ന് നിര്‍മിച്ചിരുന്ന ഷെഡ് പൂര്‍ണമായും തകര്‍ത്തു. ഷെഡിനുള്ളില്‍ ഉണ്ടായിരുന്ന ഉപകരണങ്ങളും നശിപ്പിച്ചു. വലിയ ശബ്‌ദം കേട്ട് തങ്കവും ഭാര്യയും വീടിനുള്ളില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
സമീപത്തായി ഹോം സ്‌റ്റേ നടത്തുന്ന അശോകന്‍ അത്ഭുതകരമായാണ് ആനയുടെ ആക്രണത്തില്‍ നിന്നും രക്ഷപെട്ടത്. ഹോം സ്‌റ്റേയുടെ ഗേറ്റിന് സമീപം എത്തിയ ആന, ഗേറ്റ് തകര്‍ത്ത ശേഷം തുമ്പികൈ ചുഴറ്റി അശോകനെ അടിയ്ക്കാന്‍ ശ്രമിച്ചു. ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട് ഓടുന്നതിനിടെ വീണാണ് അശോകന് പരിക്കേറ്റത്.
ചിന്നക്കനാല്‍ മേഖലയില്‍ കാട്ടാന ശല്യം സ്ഥിരമായിട്ടും ആനകളെ ഉള്‍വനത്തിലേയ്ക്ക് തുരത്താന്‍ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിയ്ക്കുന്നില്ല. സര്‍ക്കാരിനെ വിശ്വസിച്ച് ജീവിയ്ക്കാനാവാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ ആരോപിച്ചു.
ഒറ്റയാനെ കൂടാതെ എട്ട് ആനകളടങ്ങുന്ന കാട്ടാന കൂട്ടം ദിവസങ്ങളായി മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ഏക്കർ കണക്കിന് കൃഷി ഭൂമി ആനയുടെ ആക്രമണത്തില്‍ നശിച്ചിട്ടുണ്ട്. നാശനഷ്‌ടം വിലയിരുത്താന്‍ പോലും ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് എത്തുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിയ്ക്കുന്നു.
Also read: ടെര്‍പെന്‍റൈന്‍ ഫാക്‌ടറിയില്‍ വന്‍ തീപിടിത്തം; കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ വെന്തു മരിച്ചു