ഇടുക്കി: കാട്ടനശല്യത്തില്‍ പൊറുതിമുട്ടി ആനയിറങ്കല്‍ മേഖലയിലെ കര്‍ഷകര്‍. കാടിറങ്ങിയ ഒറ്റയാന്‍ കഴിഞ്ഞ അഞ്ച് ദിവസമായി കൃഷിയിടങ്ങളില്‍ വ്യാപക നാശം വിതയ്ക്കുകയാണ്. വിളവെടുപ്പ് തുടങ്ങിയ സമയത്തെ കാട്ടാന ശല്യം കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പടയാറ്റിൽ സാജു എന്ന കർഷകന്‍റെ ഏലകൃഷിയും തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി നിര്‍മ്മിച്ച കെട്ടിടവും കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. ലക്ഷങ്ങള്‍ വിലവരുന്ന സോളാര്‍ അടക്കമുള്ള ഉപകരണങ്ങളും പൂര്‍ണ്ണമായി നശിപ്പിച്ചതായി സാജു പറഞ്ഞു.
വന്യമൃഗ ശല്യത്തില്‍ കൃഷി നാശമുണ്ടായാല്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന് തുച്ഛമായ തുകമാത്രമാണ്. അതിനാല്‍ കൃഷിയിടത്തില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ വനത്തിലേയ്ക്ക് മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ കാട്ടാനയെ നിരീക്ഷിക്കുന്നതിന് വാച്ചര്‍മാരെ നിയമിക്കാമെന്നാണ് വനം വകുപ്പിന്‍റെ നിലപാട്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പട്ടിണി സമരമടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ക്കൊരുങ്ങുകയാണ് കര്‍ഷകര്‍.