ഇടുക്കി: ഇടുക്കിയിലെ അപകടകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവായി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗ സിങ് ഐഎഫ്എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാന ആക്രമണത്തില്‍ 13 ജീവനുകള്‍ നഷ്‌ടപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. നിരവധി വീടുകളും ഏക്കറു കണക്കിന് ഭൂമിയിലെ കൃഷിയും നശിച്ചു. നാശനഷ്‌ടങ്ങളില്‍ ഏറിയ പങ്കും വരുത്തിയത് അരിക്കൊമ്പനാണ്. ഈ സാഹചര്യത്തിലാണ് ഒറ്റയാനെ പിടികൂടാന്‍ വനം വകുപ്പ് നടപടി ആരംഭിക്കുന്നത്.
വനംവകുപ്പ് വാച്ചര്‍ ശക്തിവേല്‍ കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെട്ടതിന് ശേഷം പ്രതിഷേധം ശക്തമായതോടെയാണ് ഇടുക്കിയിലെ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആക്രമണകാരികളായ കാട്ടാനകളെ പിടിച്ച് മാറ്റണമെന്നുമുള്ള ആവശ്യം ഉയര്‍ന്നത്. തുടര്‍ന്ന് മന്ത്രി എ കെ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരുകയും വയനാട്ടില്‍ നിന്നുള്ള പ്രത്യേക ആര്‍ആര്‍ടി സംഘത്തെ ഇടുക്കിയിലേക്ക് അയക്കുകയും ചെയ്‌തിരുന്നു.
വെറ്ററിനറി സര്‍ജൻ ഡോ. അരുണ്‍ സക്കറിയ നേരിട്ടെത്തി വിശദമായ പഠനം നടത്തുകയും നിരന്തരം അക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടിച്ച് മാറ്റുന്നതിനുള്ള നടപടികൾക്ക് ശുപാര്‍ശ നല്‍കുകയും ചെയ്‌തിരുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ പിടിക്കാൻ അനുമതി നല്‍കി ഉത്തരവിറക്കിയത്.
മയക്കുവെടി വച്ച് കൂട്ടിലാക്കുകയോ വാഹനത്തില്‍ മറ്റൊരിടത്തേക്ക് മാറ്റുകയോ വാഹനത്തില്‍ കൊണ്ട് പോകാന്‍ കഴിയില്ലെങ്കില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ ചെയ്യാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളും വേഗത്തിലാക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.