ഇടുക്കി: 2018ലെ പ്രളയമേല്‍പ്പിച്ച ദുരിതത്തിൽ നിന്ന് അടിമാലി മില്ലുംപടി ഇനിയും മോചിതമായിട്ടില്ല. മന്നാങ്കാലയിൽ കുന്നിടിഞ്ഞ് അടിവാരത്ത് ഒഴുകിയിരുന്ന കൈത്തോട് മണ്ണ് മൂടിയതോടെ ഏക്കർ കണക്കിന് കൃഷിയും പതിനഞ്ചോളം കുടുംബങ്ങളും വെള്ളക്കെട്ടിലായി. കൃഷി സ്ഥലങ്ങൾ മുഴുവൻ നാശത്തിന്‍റെ വക്കിലാണ്. പ്രദേശത്തെ ഏതാനും ചില കുടുംബങ്ങള്‍ വെള്ളക്കെട്ട് മൂലം വീടുപേക്ഷിച്ച് പോയെങ്കിലും ശേഷിക്കുന്ന കുടുംബങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്.
പ്രദേശത്തെ താമസക്കാരനായ പുതുപ്പറമ്പില്‍ ബിജുവിന് ഒരേക്കറോളം ഭൂമിയുണ്ടായിരുന്നു. കരയായി കിടന്നിരുന്ന ബിജുവിന്റെ കൃഷിയിടം ഇപ്പോൾ താഴ്ന്ന് പോകുന്ന ചതുപ്പു നിലമാണ്. 45ഓളം ജാതി മരങ്ങളും 25ലേറെ തെങ്ങുകളും ഉണങ്ങി നശിച്ചു. വെള്ളക്കെട്ടില്‍ നിന്നുള്ള ദുര്‍ഗന്ധവും കൊതുക് ശല്യവും മൂലം ജീവിതം ദുസഹമായെന്ന് ഇവർ പറയുന്നു. മണ്ണടിഞ്ഞ് നികന്ന കൈത്തോട് താത്ക്കാലികമായി തുറന്നുവിട്ടിട്ടുണ്ട്. തോടിന്‍റെ വിസ്താരം വര്‍ധിപ്പിച്ച് വെള്ളമൊഴുക്ക് സുഗമമാക്കിയാല്‍ മാത്രമേ പ്രശ്‌നത്തിന് യഥാര്‍ഥ പരിഹാരം സാധ്യമാകൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്.