ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ ചീയപ്പാറവെള്ളച്ചാട്ടത്തിന് സമീപം മാലിന്യപ്രശ്‌നം രൂക്ഷമാകുന്നു. മദ്യകുപ്പികളും ഭക്ഷണാവശിഷ്‌ടങ്ങളും അടക്കമാണ് വെള്ളച്ചാട്ടത്തിന് സമീപം കുമിഞ്ഞ് കൂടുന്നത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം യഥാസമയം നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ വേണമെന്നാണ് സമീപവാസികളുടെ ആവശ്യം.
മാലിന്യം വലിച്ചെറിയരുതെന്ന് പറയുന്ന തങ്ങളോട് സഞ്ചാരികള്‍ കയര്‍ത്ത് സംസാരിക്കുക പതിവാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. മുമ്പ് വെള്ളച്ചാട്ടത്തിന് സമീപം കച്ചവടം നടത്തിയിരുന്നവർ പ്രദേശം വ്യത്തിയായി പരിപാലിച്ച് പോന്നിരുന്നു. എന്നാല്‍ ഇവിടെ നിന്നും കച്ചവടക്കാരെ ഒഴിപ്പിച്ചതോടെ മാലിന്യ സംസ്‌ക്കരണവും താറുമാറായി.
പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാന്‍ പഞ്ചായത്ത് വെള്ളച്ചാട്ടത്തിന് സമീപം ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് മാലിന്യങ്ങൾ ശേഖരിക്കാനും നിക്ഷേപിക്കാനും മാർഗമില്ല. സഞ്ചാരികൾ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും പ്രശ്നമാണ്.