ഇടുക്കി: പൊന്മുടി വനമേഖലയില്‍ മാലിന്യം നിറയുന്നു.വന്യമൃഗങ്ങള്‍ക്കും ജൈവ വൈവിധ്യത്തിനും ഭീഷണിയാകുന്ന തരത്തിലാണ് ഇവിടെ മാലിന്യങ്ങള്‍ കുന്നുകൂടുന്നത്. പൊന്‍മുടിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തൂക്കുപാലം, നാടുകാണി, ബോട്ടിംഗ് യാര്‍ഡ്, പൊന്‍മുടി ഡാംടോപ്പ് എന്നിവിടങ്ങളിലാണ് മാലിന്യ പ്രശ്നമുള്ളത്.
ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വിനോദ സഞ്ചാരികള്‍ക്കായി അധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും മാലിന്യ നിര്‍മ്മാര്‍ജനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാലിന്യ പ്രശ്നം പരിഹരിക്കാൻ വനം വകുപ്പ് മുന്‍പ് ക്ലീന്‍ഫോറസ്റ്റ് എന്ന പദ്ധതി നടപ്പിലാക്കിയെങ്കിലും തുടക്കത്തിലെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
പൊന്‍മുടി വനമേഖലയെ സംരക്ഷിക്കാന്‍ വനം വകുപ്പിന്റെ വാച്ചര്‍മാര്‍ ഉണ്ടെങ്കിലും വേണ്ട രീതിയിലുള്ള സംരക്ഷണം ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. സമീപ പ്രദേശങ്ങളിലെ കടകളില്‍ നിന്നുള്ള മാലിന്യം ചാക്കില്‍ക്കെട്ടി വനത്തില്‍ തള്ളുന്നത് തടയാനും നടപടിയില്ല.