ഇടുക്കി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആളും ആരവവും ഒഴിഞ്ഞ ഇടുക്കി ജില്ലയിലെ മൈതാനങ്ങളിൽ വീണ്ടും ആർപ്പുവിളികൾ ഉയരുന്നു. ഇടുക്കിയുടെ ആവേശമായ വോളിബോൾ മത്സരങ്ങൾ വീണ്ടും മൈതാനങ്ങൾ അടക്കിവാഴുകയാണ്. രണ്ട് വർഷക്കാലം കൊവിഡ് ഉണ്ടാക്കിയ വിരസതയിൽ നിന്നും തീ പാറുന്ന മത്സരങ്ങളുടെ ആവേശത്തിലാണ് മലയോര ജനത.
കുടിയേറ്റ കാലം മുതലേ വൈദ്യുതിയും ദൃശ്യമാധ്യമങ്ങളും ഒന്നും ഇല്ലാതിരുന്ന ഗ്രാമങ്ങളിലെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ പ്രധാന വിനോദമാക്കി മാറ്റിയതും നെഞ്ചിലേറ്റിയതും വോളിബോളിനെയാണ്. മലപ്പുറത്ത് കാൽപന്ത് കളി എങ്ങനെയാണോ അതുപോലെ ഇടുക്കിയുടെ രക്‌തത്തിൽ അലിഞ്ഞതാണ് വോളിബോളും.
കർഷകരുടെ വിനോദം: പതിറ്റാണ്ടുകൾക്ക് മുൻപ് എല്ലുമുറിയെ പണിയെടുത്തതിന് ശേഷം മലയോര മേഖലയിലെ ചെറുമൈതാനങ്ങളില്‍ ഒത്തുകൂടുന്ന ഗ്രാമവാസികളായ കര്‍ഷകര്‍ക്ക് വിനോദത്തിനായി ആകെയുള്ളത് ഈ കളിയായിരുന്നു. ചെറിയ മൈതങ്ങൾ മതിയെന്നതായിരുന്നു വോളിബോൾ ഇടുക്കിയിൽ വേരോടാൻ പ്രധാന കാരണം.
തൊടുപുഴയിൽ നിന്നോ കോതമംഗലത്ത് നിന്നോ എത്തിച്ച പഴയ പന്തുകൾ തട്ടിയാണ് ഹൈറേഞ്ചുകാർ വോളിബോളിന്‍റെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കിയത്. പന്ത് പൊട്ടുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താല്‍ പിന്നെ ആ ഗ്രാമം മുഴുവന്‍ അക്ഷമരായി കാത്തിരിക്കും. തൊടുപുഴയില്‍ നിന്നോ കോതമംഗലത്ത് നിന്നോ ആരെങ്കിലും പുതിയ പന്തുമായി മലകയറിയെത്തുന്നതുവരെ.
ക്രിക്കറ്റിനും ഫുട്‌ബോളിനും വഴിമാറി: വാഹനമില്ലാതിരുന്ന കാലത്തും കാല്‍നടയായി മുപ്പതും നാല്‍പ്പതും കിലോമീറ്റര്‍ വരെ സഞ്ചരിച്ച് ടീം അംഗങ്ങള്‍ പന്തുകളിക്കാന്‍ പോയി. വിജയവും തോല്‍വിയുമൊക്കെയായി ജില്ലയിൽ കളി തുടര്‍ന്നു. കാലാന്തരത്തില്‍ ഗ്രാമഫോണും റേഡിയോയുമെല്ലാം അപ്രത്യക്ഷമായതുപോലെ വോളിബോള്‍ കളിയും നിലച്ചു.
മലയോര മേഖലയിലെ മൈതാനങ്ങള്‍ ക്രിക്കറ്റിനും ഫുട്‌ബോളിനും വഴിമാറുകയും ചെയ്‌തു. ഇപ്പോൾ ഹൈറേഞ്ചിലെ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബുകളാണ് രണ്ട് പതിറ്റാണ്ടുകാലത്തിന് ശേഷം വോളിബോളിനെ തട്ടി ഉരുട്ടി വീണ്ടും കളിക്കളത്തില്‍ എത്തിച്ചത്.
വീണ്ടും തിരിച്ചെത്തി: പുതുതലമുറ വോളിബോളിനെ നെഞ്ചിലേറ്റിയപ്പോള്‍ പഴയ കളിക്കാര്‍ പലരും ഗ്യാലറിയിലിരുന്ന് മത്സരങ്ങള്‍ക്ക് ആവേശം പകര്‍ന്നു. ആദ്യകാല കളിക്കാര്‍ പലരും ഇന്ന് ജീവിച്ചിരിക്കുന്നില്ലെങ്കിലും പഴയ തലമുറയോടുള്ള ആദര സൂചകമായാണ് വോളിബോള്‍ ഹൈറേഞ്ചിന്‍റെ മൈതാനങ്ങളില്‍ സജീവമാക്കുന്നത്.
പഴയ നാട്ടുകാരായ കളിക്കാരല്ല കാണികള്‍ക്ക് ഇന്ന് ആവേശം. കേരളത്തിനകത്തും പുറത്തുനിന്നുമായി ക്ലബുകള്‍ വിലകൊടുത്ത് കൊണ്ടുവരുന്ന പുതിയ താരങ്ങളാണ്. കനത്ത സമ്മാന തുകയേക്കാള്‍ ഗ്രാമങ്ങളുടെ ആഹ്‌ളാദവും ആവേശവുമാണ് ഇവരെ വീണ്ടും വീണ്ടും മലകയറി വോളിബോൾ കളിക്കാൻ പ്രേരിപ്പിക്കുന്നത്.