ഇടുക്കി: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ സംഭവത്തിൽ പൊലീസ് ഒത്തുകളിക്കുന്നതായി പരാതി. സ്ത്രീകള്‍ ഉള്‍പ്പെടെ 66 അംഗ മലയാളി സംഘത്തെ ഖത്തറിലെത്തിച്ചശേഷം വ്യാജ വിസ നല്‍കി പണം തട്ടിയെടുക്കുകയായിരുന്നു. ഇവരിൽ നിന്നും മൂന്നരക്കോടി രൂപയാണ് തട്ടിയെടുത്തത്. കട്ടപ്പന സ്വദേശിനി സിനി എന്ന കണ്ടത്തില്‍ അന്നമ്മയാണ് പ്രധാന പ്രതി.
തട്ടിപ്പിനിരയായവര്‍ നല്‍കിയ കേസില്‍ അന്നമ്മയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിവിധ കോടതികള്‍ തള്ളിയതോടെ ഇവര്‍ ഒളിവിലാണ്. പരാതി നൽകിയ ശേഷം കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ അന്നമ്മ എത്തിയിട്ടും പിടികൂടാന്‍ പൊലീസ് തയാറായില്ലെന്നാണ് ആരോപണം. അഞ്ചര ലക്ഷം മുതല്‍ ആറര ലക്ഷം രൂപവരെയാണ് പ്രതികള്‍ ഒരാളിൽ നിന്നും തട്ടിയെടുത്തിട്ടുള്ളത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കാനഡയിലെ പെട്രോ കാനഡ എന്ന കമ്പനിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ഇവര്‍ ആളുകളെ സമീപിച്ചത്. അന്നമ്മയുടെ പരസ്‌പര വിരുദ്ധമായ സംസാരത്തില്‍ നിന്നുമാണ് ഇവർ തട്ടിപ്പുസംഘത്തിലെ കണ്ണിയാണെന്ന് ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയുന്നത്. കൂടാതെ വിസ വ്യാജമാണെന്നും കാനഡ എംബസിയുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. തട്ടിപ്പിനിരയായവര്‍ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ എന്‍.ആര്‍.ഐ സെല്ലില്‍ പരാതിയും തെളിവുകളും നല്‍കിയിരുന്നു.