ഇടുക്കി: പ്രളയാനന്തരം ഒന്നരവര്‍ഷം പിന്നിടുമ്പോഴും ദുരിത ജീവിതം നയിച്ച് നായ്‌കുന്ന് സ്വദേശിയായ വിന്‍സന്‍റും കുടുംബവും. 2018 ല്‍ ഉണ്ടായ പ്രളയത്തിലാണ് കല്ലാര്‍കുട്ടി അണക്കെട്ടിന് സമീപം എട്ട് സെന്‍റില്‍ വിന്‍സന്‍റ് നിര്‍മിച്ച വീട് നിലംപൊത്തുന്നത്. പ്രളയത്തില്‍ ബലക്ഷയം സംഭവിച്ച വീടിന്റെ ഓട് നീക്കി താല്‍ക്കാലികമായി പടുതാ മൂടി കിടപ്പാടം ഒരുക്കി. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചെങ്കിലും തകര്‍ന്ന വീടിന് വീട്ടുനമ്പര്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടികാട്ടി ധനസഹായം നിരസിച്ചു.
ടാപ്പിങ് തൊഴിലാളിയായ വിന്സന്റിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങള്‍ ഇവിടെ താമസിക്കുന്നു. ദുരുതാവസ്ഥ അധികൃതരെ അറിയിച്ചിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് വിന്‍സന്‍റിന്‍റെ പരാതി. വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ധന സഹായം നല്‍കണമെന്നാണ് ഈ നിര്‍ധന കുടുംബത്തിന്റെ ആവശ്യം.