ഇടുക്കി: വാത്തിക്കുടിയിൽ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ റിമാന്‍ഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്‌തത്. അവിവാഹിതയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഈ മാസം പതിനഞ്ചിനായിരുന്നു യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. വീട്ടിലെ ശുചിമുറിക്കുള്ളിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി ബാഗിനുള്ളിലാക്കി വീടിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു.
പ്രസവത്തിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. എന്നാൽ കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌തതോടെയാണ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തെളിഞ്ഞത്. ഇതേ തുടർന്ന് ഇന്നലെ വൈകുന്നേരം ഇടുക്കി സിഐയുടെ നേതൃത്വത്തില്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്‌തു. യുവതിയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കുഞ്ഞ് ജനിച്ച ഉടനെ തോർത്ത് ഉപയോഗിച്ച് പൊതിയുകയും തോർത്ത് കഴുത്തിൽ വലിഞ്ഞു മുറുക്കി കൊലപ്പെടുത്തിയെന്നും തെളിവെടുപ്പിന് ശേഷം യുവതി പൊലീസില്‍ മൊഴി നല്‍കിയത്. മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി യുവതി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.