ഇടുക്കി: വണ്ടിപ്പെരിയാർ നെല്ലിമലയിൽ പ്രവർത്തിക്കുന്ന ബെവ്റേജസ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധം. പ്രദേശത്തെ ചുമട്ട് തൊഴിലാളി യൂണിയനും ഓട്ടോറിക്ഷാത്തൊഴിലാളികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാര്‍ ഔട്ട്ലെറ്റിന് മുമ്പില്‍ മനുഷ്യചങ്ങല തീര്‍ത്തു. ബെവ്റേജസ് മാറ്റുന്നത് ബാറുകളെ സഹായിക്കാനാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. നടപടി ബെവ്റേജസിനെ ആശ്രയിച്ചുകഴിയുന്ന ഇരുപതോളം ചുമട്ടുതൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
ദേശീയപാതയോരത്ത് നിന്നും മദ്യശാലകള്‍ മാറ്റണമെന്ന കോടതി ഉത്തരവ് വന്നപ്പോൾ ഔട്ട്ലെറ്റ് പരുന്തുംപാറയിലേക്ക് മാറ്റിയിരുന്നു. അന്ന് പ്രദേശത്തെ ചുമട്ടുതൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും വലിയ പ്രതിസന്ധിയിലായിരുന്നു. പിന്നീട് കോടതി വിധി മാറ്റിയതോടെയാണ് ബെവ്റേജസ് വീണ്ടും നെല്ലിമലയിൽ പ്രവർത്തനം ആരംഭിച്ചത്.