ഇടുക്കി: നിയമസഭയില്‍ പി.ടി തോമസിന്‍റെ ശബ്‌ദമായി മാറുമെന്ന് നിയുക്ത തൃക്കാക്കര എം.എല്‍.എ ഉമ തോമസ്. വിജയം പി.ടിക്ക് സമര്‍പ്പിക്കുന്നു. പി.ടിയുടെ നിലപാടുകള്‍ പിന്തുടരുമെന്നും താനിപ്പോഴും പി.ടിയുടെ ആരാധികയാണെന്നും ഉമ തോമസ് പറഞ്ഞു. പി.ടി തോമസിന്‍റെ കല്ലറയില്‍ പ്രാര്‍ഥിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പി.ടി തുടങ്ങി വച്ചത് പൂര്‍ത്തിയാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും ലാളിത്യത്തോടെ ജനങ്ങളുമായി ഇടപെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഉമ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നശേഷം പി.ടി തോമസിന്‍റെ ജന്മനാട്ടില്‍ നിന്നാണ് ഉമ തോമസ് പ്രചാരണം ആരംഭിച്ചത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ഉമയുടെ ജയം. മക്കള്‍ക്കും ബന്ധുക്കള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഒപ്പമാണ് ഇന്ന് രാവിലെ 8.30 ഓടെ ഉമ തോമസ് പി.ടി അന്ത്യവിശ്രമം കൊള്ളുന്ന ഉപ്പുതോട് കുടുംബക്കല്ലറയില്‍ എത്തിയത്.
പ്രാര്‍ഥനക്ക് ശേഷം ഉപ്പുതോട്ടിലെ കുടുംബ വീട്ടിലേയ്ക്ക് തിരിച്ചു. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്, യു.ഡി.എഫ് നേതാക്കളായ എ.പി ഉസ്‌മാന്‍, കെ.ബി സെല്‍വം, ജെയ്‌സണ്‍ കെ. ആന്‍റണി, ബിജോ മാണി തുടങ്ങിയവര്‍ ഉമ തോമസിനൊപ്പം ഉണ്ടായിരുന്നു.
Also Read ജനങ്ങള്‍ക്ക് നന്ദി! വിജയം പി.ടി തോമസിന് സമര്‍പ്പിക്കുന്നു: ഉമ തോമസ്