ഇടുക്കി: ഇടുക്കിയിൽ യുഡിഎഫ് ആഹ്വനം ചെയ്‌ത ഹർത്താൽ ആദ്യ മണിക്കൂറുകളിൽ പൂർണം. ജില്ലയിലെ ഭൂ വിഷയങ്ങൾക്കും കെട്ടിട നിർമാണ നിരോധനത്തിനും വന്യമൃഗ ആക്രമണങ്ങൾക്കും പരിഹാരം ആവശ്യപ്പെട്ടാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജില്ലയിലെ ഭൂ വിഷയങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സമര പരമ്പരയുടെ മൂന്നാം ഘട്ടമായാണ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ആദ്യ ഘട്ടമായി വില്ലേജ് ഓഫിസുകൾക്ക് മുൻപിൽ ധർണയും രണ്ടാം ഘട്ടമായി നെടുംകണ്ടത്ത് ഏകദിന സത്യഗ്രഹവും നടത്തിയിരുന്നു. ഭൂ നിയമങ്ങൾ ഭേദഗതി ചെയ്യുക, പട്ടയ വിതരണം വേഗത്തിലാക്കുക, നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുക, തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങൾക്ക് പരിഹാരം കാണുക, ഭക്ഷ്യസാധങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയിൽ നിന്നും കർഷകരെ സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
ഹർത്താലിൽ ഹൈറേഞ്ച് നിശ്ചലമാണ്. കെഎസ്ആർടിസിയും ചുരുക്കം ചില ഇരുചക്രവാഹങ്ങളുമാണ് നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്, വ്യാപാരികൾ പൂർണമായും ഹർത്താലിനോട് സഹകരിക്കുന്നു. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ വാഹനങ്ങൾ തടയുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.
തൊടുപുഴയിൽ ചുരുക്കം ചില വ്യാപാര സ്ഥാപനങ്ങൾ തുറന്നു. ശബരിമല തീർഥാടകരുടെയും വിനോദ സഞ്ചാരികളുടെയും വാഹനങ്ങൾ തടസമില്ലാതെ കടത്തി വിടുന്നുണ്ട്. ഭൂ വിഷയങ്ങളിൽ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ, സെക്രട്ടേറിയറ്റിലേക്ക് ജനകീയ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. മർച്ചന്‍റ് അസോസിയേഷനും വിവിധ സംഘടനകളും ഹർത്താലിന് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.