ഇടുക്കി: രാജകുമാരി എൻഎസ്എസ് കോളജിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. രാജകുമാരി സ്വദേശികളായ ചൂടംമാനയിൽ ജോജിൻ ഫ്രാൻസിസ് (18), വട്ടുകുന്നേൽ നിതിൻ ജോസഫ് (21) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വൈകുന്നേരം നാലരയോടെ രാജകുമാരി ഭാഗത്ത് നിന്നും വന്ന കാറിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീ പിടിച്ചു.
റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ രാജകുമാരി ദൈവമാതാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാജകുമാരി എൻഎസ്എസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആണ് ജോജിൻ. നിതിൻ രാജകുമാരിയിലെ കച്ചവട സ്ഥാപനത്തിലെ ജീവനക്കാരനാണ്.