ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പിൽ നേരിയ കുറവ് വന്നതോടെ തമിഴ്നാട് അഞ്ച് സ്‌പിൽവെ ഷട്ടറുകൾ അടച്ചു (shutters closed). ജലനിരപ്പ് 141.6ൽ നിന്ന് 141.4 അടിയായാണ് കുറഞ്ഞത്.
നിലവിൽ രണ്ട് ഷട്ടറുകൾ 30 സെന്‍റിമീറ്റർ വീതം ഉയർത്തി, 794 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് (Idukki dam) ഒഴുക്കിവിടുന്നുണ്ട്. അതേസമയം പെരിയാറിൽ (Periyar) ജലനിരപ്പ് ഉയർന്നു. മൂന്നടിയോളം വെള്ളമാണ് ഉയർന്നത്. പെരിയാറിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ നേരിയ തോതിൽ മഴ തുടരുകയാണ് (heavy rain in idukki). ഈ സാഹചര്യത്തിൽ പെരിയാർ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ തമിഴ്നാടിന് 142 അടിവരെ ജലനിരപ്പ് ഉയർത്താനാകും. ഇടുക്കി ഡാമിൽ 2400.30 അടിയാണ് നിലവിലെ ജലനിരപ്പ്. തമിഴ്നാട് തുറന്നുവിടുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചതിനാൽ ഇടുക്കി ഡാം നിലവിൽ തുറക്കേണ്ടിവരില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർ, പൊൻമുടി അണക്കെട്ടുകളും തുറന്നു. പൊൻമുടി അണക്കെട്ടിൻ്റെ മൂന്ന് ഷട്ടറുകൾ 60 സെൻ്റീമീറ്റർ വീതമാണ് തുറന്നത്. കല്ലാർ അണക്കെട്ടിൻ്റെ രണ്ട് ഷട്ടറുകൾ 10 സെൻ്റീമീറ്ററും ഉയർത്തി. ചിന്നാർ, കല്ലാർ, പന്നിയാർ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലളക്ടർ അറിയിച്ചു.