ഇടുക്കി: അടിമാലി വാളറ തൊട്ടിയാര്‍ മേഖലയില്‍ ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്‌റ്റിലായി. എളംബ്ലാശ്ശേരി ആദിവാസി മേഖലയില്‍ നിന്നുള്ള സുപ്രന്‍, സജീവ് എന്നിവരാണ് വനപാലകരുടെ പിടിയിലായത്.
സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മൂന്ന് പേരെ മുൻപ് വനപാലക സംഘം അറസ്‌റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. ഒടുവില്‍ അറസ്‌റ്റിലായ സുപ്രനും സജീവനും ചേര്‍ന്നാണ് ആനക്കൊമ്പ് വനത്തില്‍ നിന്നും കൈവശപ്പെടുത്തിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. വന വിഭവം ശേഖരിക്കാന്‍ വനത്തിനുള്ളിലെ കൂന്ത്രപുഴയോരത്തെത്തിയപ്പോൾ അവിടെ ചത്ത് കിടന്നിരുന്ന ആനയുടെ കൊമ്പ് കൈവശപ്പെടുത്തുകയായിരുന്നു എന്ന് ഇരുവരും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതെന്നാണ് സൂചന. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി പ്രതികളെ ഉള്‍വനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്ന് അടിമാലി ഫോറസ്‌റ്റ് റെയ്‌ഞ്ച് ഓഫീസർ ജോജി ജോണ്‍ പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനും തുടരന്വേഷണത്തിനുമായി വനംവകുപ്പ് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നാണ് സൂചന.