ഇടുക്കി: ലോക്‌ഡൗണില്‍ നാട്ടിലേക്കിറങ്ങിയ മ്ലാവിന് ദാരുണാന്ത്യം. വനപാലകരുടെ നേതൃത്വത്തില്‍ തിരികെ വനത്തിനുള്ളിലേക്ക് കയറ്റി വിടാന്‍ ശ്രമം നടത്തിയെങ്കിലും വെള്ളിയാഴ്ച്ച വൈകിട്ടോടെ അന്ത്യം സംഭവിച്ചു. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു വനമേഖലയില്‍ നിന്നും മ്ലാവ് അടിമാലി ടൗണില്‍ ഇറങ്ങിയത്. നായ്ക്കളെയും ആളുകളെയും കണ്ട് ഭയന്നോടിയ മ്ലാവ് ടൗണിനോട് ചേര്‍ന്നുള്ള പൊളിഞ്ഞപാലം ഭാഗത്തെത്തി. സംഭവമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തിയപ്പോൾ മ്ലാവ് സ്വകാര്യ വ്യക്തിയുടെ വീടിന് പിറകില്‍ നിലയുറപ്പിച്ചു. മ്ലാവിനെ ടൗണിനോട് ചേര്‍ന്ന കൈതച്ചാല്‍ വനമേഖലയിലേക്ക് കയറ്റിവിടാന്‍ ശ്രമം നടത്തിയെങ്കിലും കൃഷിയിടത്തിലൂടെ ചുറ്റിത്തിരിഞ്ഞ് നടന്ന മ്ലാവിന് പിന്നീട് അന്ത്യം സംഭവിക്കുകയായിരുന്നു.
നായ്ക്കള്‍ ആക്രമിച്ചതിനോട് സാമ്യമുള്ള മുറിവുകൾ മ്ലാവിന്‍റെ ശരീരത്തിലുണ്ടായിരുന്നതായും പെട്ടന്നുണ്ടായ ഭയത്താല്‍ ഹൃദയാഘാതം സംഭവിച്ചതാകാം എന്നും അടിമാലി ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസര്‍ എം. വിജയന്‍ പറഞ്ഞു. മ്ലാവിന്‍റെ മൃതശരീരം മുന്‍കരുതലുകളോടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സംസ്‌കരിച്ചു.