ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ പാറക്കുടിയിലേക്കുള്ള പാലം തകര്‍ന്നിട്ട് രണ്ട് വര്‍ഷത്തോടടുക്കുകയാണ്. എന്നാല്‍ തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മിച്ച് ആദിവാസി കുടുംബങ്ങളുടെ യാത്രാക്ലേശമകറ്റാന്‍ ഇനിയും നടപടിയുണ്ടായിട്ടില്ല. കുതിച്ചൊഴുകുന്ന കാട്ടാറിന് കുറുകെ ഈറ്റപ്പാലം നിര്‍മിച്ചാണ് കുടുംബങ്ങള്‍ യാത്ര ചെയ്യുന്നത്.
2018ലെ പ്രളയത്തിലായിരുന്നു നല്ലതണ്ണിയാറിന് കുറുകെ പാറക്കുടിയിലേക്കുണ്ടായിരുന്ന പാലത്തിന് കേടുപാടുകള്‍ സംഭവിച്ചത്. ഒലിച്ച് പോയ ഭാഗത്ത് വേനല്‍ക്കാലത്ത് താല്‍ക്കാലിക സംവിധാനമൊരുക്കി ആദിവാസി കുടുംബങ്ങള്‍ യാത്ര നടത്തിപ്പോന്നു. എന്നാല്‍ 2019ലുണ്ടായ കാലവര്‍ഷക്കെടുതിയില്‍ പാലം പൂര്‍ണ്ണമായി ഒലിച്ചു പോയി. ഇതോടെ മാങ്കുളമുള്‍പ്പെടെയുള്ള പ്രദേശത്തേക്കെത്തുവാന്‍ ആദിവാസി കുടുംബങ്ങള്‍ക്ക് യാത്രാ മാര്‍ഗമില്ലാതായി. തുടര്‍ന്ന് പാലം നിര്‍മാണത്തിന് നടപടിയുണ്ടാകുമെന്ന പ്രഖ്യാപനങ്ങളെത്തി. പക്ഷെ വേനല്‍ക്കാലമവസാനിച്ച് അടുത്ത മഴക്കാലമെത്തിയിട്ടും ഒന്നും സംഭവിച്ചില്ല.
കാലവര്‍ഷം കനക്കുന്നതോടെ ഗോത്രമേഖലയേയും ജനവാസമേഖലയേയും തമ്മില്‍ വേര്‍തിരിക്കുന്ന പുഴയില്‍ ഒഴുക്ക് ശക്തമാകും. മഴക്കാലത്തുണ്ടാകാന്‍ പോകുന്ന ഒറ്റപ്പെടല്‍ മുമ്പില്‍ കണ്ട് ആദിവാസി കുടുംബങ്ങള്‍ കാട്ടാറിന് കുറുകെ മരങ്ങളെ കമ്പികള്‍ കൊണ്ട് ബന്ധിച്ച് ഈറ്റ പാകി ഒരു താല്‍ക്കാലിക നടപ്പാലം തിര്‍ത്തിട്ടുണ്ട്. ജീവന്‍ പണയപ്പെടുത്തിയുള്ള യാത്രക്ക് താല്‍പര്യമില്ലെങ്കിലും കാര്യങ്ങള്‍ നടക്കണമെങ്കില്‍ സാഹസിക യാത്രകൂടിയെ മതിയാകു. തങ്ങളുടെ യാത്രക്ലേശത്തിന് പരിഹാരം കാണുവാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ വേണെന്നാണ് പ്രദേശവാസികളുടെ ആവശ്യം.