ഇടുക്കി: ഗോത്രവര്‍ഗ്ഗക്കാരുടെ നീതി ഉറപ്പ് വരുത്തണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം. മറയൂരില്‍ സംഘടിപ്പിച്ച ഗോത്രപാര്ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിന്യായ സംവിധാനങ്ങള്‍ കോടതി ചുവരുകള്‍ക്കുള്ളില്‍ നിന്നും സാധാരണക്കാരിലേക്ക് നേരിട്ടെത്തുന്ന കാലമാണിതെന്നും അതിനുദാഹരണമാണ് ഗോത്രപാര്‍ലമെന്‍റെന്നും അദ്ദേഹം പറഞ്ഞു.
മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ 51 ആദിവാസി കുടികളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയായിരുന്നു മറയൂര്‍ കോവില്‍ക്കടവില്‍ ഗോത്രപാര്‍ലമെന്‍റ് സംഘടിപ്പിച്ചത്. റോഡുകളുടെ നിര്‍മാണം, കുടിവെള്ളപദ്ധതി, ആശുപത്രി സൗകര്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ കാര്യങ്ങളില്‍ ഗോത്രമേഖലകളില്‍ നടപ്പിലാക്കേണ്ടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്‍റില്‍ ഉയര്‍ന്നുവന്നു. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഇടുക്കി ജില്ലാ ജഡ്ജി കെ.ടി നിസാര്‍ അഹമ്മദ്, സബ് ജഡ്ജ് ദിനേശ് എം. പിള്ള, ജില്ലാ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസിം, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പാര്ലമെന്റില് പങ്കെടുത്തു.