ഇടുക്കി: തെരഞ്ഞെടുപ്പ് മുണ്ടിയമ്മക്ക് ഇന്നും ആവേശമാണ്. നൂറാം വയസിലും കൃത്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നത് ഈ ആവേശം കൊണ്ടാണ്. ആനയും, കടുവയും, കാട്ടുപോത്തുകളുമുള്ള വനത്തിലൂടെ പകൽമുഴുവൻ നടന്ന് ഉടുമ്പന്നൂരീലെത്തി വോട്ടുചെയ്‌ത ഓർമ ഇപ്പോളും തെളിമയോടെ മുണ്ടിയമ്മയുടെ മനസിലുണ്ട്.
സഞ്ചാര യോഗ്യമായ റോഡുകളൊന്നും ഇല്ലാതിരുന്ന ഇടുക്കിയിലെ കുടിയേറ്റകാലത്ത് കാടും മേടും താണ്ടിയെത്തി വോട്ടു ചെയ്‌ത ഓർമ്മയിപ്പോഴും കഞ്ഞിക്കുഴി ഇഞ്ചപ്പാറയിലെ ആദിവാസി മുത്തശ്ശിയായ മുണ്ടിയമ്മയുടെ മനസിൽ ഒളിമങ്ങാതെയുണ്ട്. മക്കളും കൊച്ചുമക്കളും സൗകര്യങ്ങളുമൊക്കെയായെങ്കിലും ഈ മുത്തശ്ശി കഴിഞ്ഞതൊന്നും മറന്നിട്ടില്ല.
പ്രായം നൂറായെങ്കിലും തന്നാലാവുന്ന ജോലികളൊക്കെ ഇപ്പോഴും ചെയ്യും. മക്കളെയും, കൊച്ചുമക്കളെയും നെയ്ത്തു പരിശീലിപ്പിച്ചിട്ടുണ്ട്. മക്കൾ കൊണ്ടുവന്നു കൊടുക്കുന്ന മുള കീറിയെടുത്ത് കണ്ണാടിപ്പായയും, കുട്ടയും, വട്ടിയും, പനമ്പുമെല്ലാം മെടയുന്ന മുണ്ടിയമ്മ ഈണത്തിൽ നാടൻപാട്ടുകൾ പാടും. നിരവധി പുരാണ കഥകളും, പാട്ടുകളുമെല്ലാം അമ്മയുടെ മനസിലുണ്ട്. നാടിനും മനുഷ്യർക്കും നന്മചെയ്യുന്ന നല്ലയാളുകൾ തെരഞ്ഞെടുപ്പിൽ ജയിച്ചു വരണമെന്നതാണ് മുണ്ടിയമ്മയുടെ ആഗ്രഹം.