ഇടുക്കി: കാലവർഷ മുൻകരുതലിന്‍റെ ഭാഗമായി അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ജില്ലാ കലക്ടറുടെ നിർദ്ദേശമുണ്ടായിട്ടും ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലെയും വഴിയോരങ്ങളിലെയും ഉണങ്ങിയ വൻമരങ്ങൾ മുറിച്ച് നീക്കാൻ നടപടിയില്ല. നൂറ് കണക്കിന് മരങ്ങളാണ് തോട്ടങ്ങളിൽ അപകടകരമായ രീതിയില്‍ നിൽക്കുന്നത്.
ഓരോ കാലവർഷത്തിലും വൻമരങ്ങൾ കടപുഴകിവീണ് നിരവധി അപകടങ്ങളുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം ഉടുമ്പൻചോലയിൽ മരം ഒടിഞ്ഞു വീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചിരുന്നു. കലക്ടറുടെ ഉത്തരവിറങ്ങി നാളുകൾ കഴിഞ്ഞിട്ടും ഏലത്തോട്ടങ്ങളിൽ നിൽക്കുന്ന വൻമരങ്ങൾ മുറിച്ചു നീക്കുന്നതിന് ഉടമകൾ തയ്യാറായിട്ടില്ല. അതോടൊപ്പം വഴിയരികിൽ ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ വനംവകുപ്പും പിഡബ്ല്യുഡിയും വേണ്ട ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ അടിയന്തരമായി അപകടഭീഷണി ഉയർത്തി നിൽക്കുന്ന വൻ മരങ്ങൾ മുറിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.