ഇടുക്കി: ചിന്നക്കനാൽ ശാന്തൻപാറ മേഖലകളിൽ നാശം വിതക്കുന്ന അരിക്കൊമ്പനെ കൂട്ടിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കി സംസ്ഥാന വനം വകുപ്പ്. മയക്കുവെടി നൽകിയ ശേഷം കോടനാട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുവാനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കൂട് നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ വനം വകുപ്പ് ആരംഭിച്ചു.
അരിക്കൊമ്പനെ നീക്കുന്നത് കോടനാടേയ്‌ക്ക്: ഇടുക്കിയില്‍ കാട്ടാന ആക്രമണം തുടര്‍ക്കഥയാകുമ്പോഴും കാട്ടാനയെ പിടികൂടുന്നതിനുള്ള നടപടികള്‍ വൈകുന്നുവെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് വനം വകുപ്പ് നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്. അരിക്കൊമ്പനെ സ്ഥലത്തു നിന്നും മയക്കുവെടിവച്ച് പിടികൂടി മാറ്റുന്നതിനാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. കൊമ്പനെ മയക്കുവെടിവച്ച് കോടനാടെത്തിക്കാനാണ് അധികൃതരുടെ നീക്കം.
ഇതിനായി കോടനാട്ട് കൂട് നിര്‍മിക്കുന്നതിനാവശ്യമായ മരങ്ങള്‍ മുറിക്കുന്ന ജോലികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നും എത്തിയ സംഘം അടയാളപ്പെടുത്തിയ 128 ഗ്രാന്‍റീസ് മരങ്ങളാണ് കൂടിനായി മുറിക്കുന്നത്. മരങ്ങള്‍ കോടനാട്ടെത്തിച്ച് കൂട് നിര്‍മാണം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ഡോ. അരുണ്‍ സക്കറിയായുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘവും ഇടുക്കിയിലേക്ക് എത്തും.
റേഷന്‍ കട നിര്‍മാണം പെരുവഴിയില്‍: അതേസമയം, ഇടുക്കി പന്നിയാർ എസ്‌റ്റേറ്റിലെ കാട്ടാന അക്രമണത്തില്‍ തകര്‍ന്ന റേഷന്‍ കട രണ്ട് മാസത്തിനുള്ളില്‍ പുനര്‍ നിര്‍മിക്കണമെന്ന് ജില്ല കലക്‌ടര്‍ നിര്‍ദേശം നല്‍കി ഒരു മാസം പിന്നിടുമ്പോളും പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് എച്ച്‌എന്‍എല്‍ കമ്പനി തയ്യാറായിട്ടില്ല. നിലവില്‍ റേഷന്‍ കട താത്‌കാലികമായി പ്രവർത്തിക്കുന്നത് ലയണ്‍സിലെ മുറിക്കുള്ളിലാണ്. അരിക്കൊമ്പന്‍ ഇവിടേക്കും എത്തുമോ എന്ന ആശങ്കയിലും ഭീതിയിലുമാണ് തോട്ടം തൊഴിലാളികള്‍.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 14 തവണയാണ് പന്നിയാറിലെ റേഷന്‍കട അരിക്കൊന്‍ ഇടിച്ച് നിരത്തി അരിയും ഗോതമ്പും ഭക്ഷിച്ചത്. കടയുടമയ്ക്ക് ലക്ഷങ്ങളുടെ നഷ്‌ടമാണുണ്ടായത്. റേഷന്‍ വിതരണം പാടേ നിലയ്ക്കുന്ന സ്ഥിതിയുണ്ടായതോടെ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ ഇടുക്കി കലക്‌ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ആവശ്യമായ സുരക്ഷ സംവിധാനം ഒരുക്കുന്നതിന് ഇടുക്കി ജില്ല കലക്‌ടറെ ചുമതലപ്പെടുത്തി.
ഭീതിയില്‍ പ്രദേശവാസികള്‍: ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി ഒന്നിന് ശാന്തന്‍പാറയില്‍ ജില്ല കലക്‌ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. റേഷന്‍ കടയ്ക്ക് ഫെന്‍സിങ് നിര്‍മിക്കുന്നതിനും രണ്ട് മാസത്തിനുള്ളില്‍ പുതിയ കെട്ടിടം നിര്‍മിച്ച് നല്‍കണമെന്ന് യോഗത്തില്‍ കമ്പനി അധികൃതർക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, വനം വകുപ്പ് ഫെന്‍സിങ് നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും റേഷന്‍ കട പുനര്‍ നിര്‍മിക്കുന്നതിന് കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല.
നിലവില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയൻസിനുള്ളിലെ മുറിയിലാണ് റേഷന്‍ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കാടുകയറാതെ നാട്ടില്‍ നാശം വിതക്കുകയാണ് അരിക്കൊമ്പന്‍ . അതുകൊണ്ട് തന്നെ നിലവില്‍ ഭക്ഷ്യ വസ്‌തുക്കൾ സൂക്ഷിച്ചിരിക്കുന്ന മുറി കണ്ടെത്തി കാട്ടുകൊമ്പന്‍ ഇവിടേയ്‌ക്കെത്തുമോയെന്ന ആശങ്കയിലും ഭീതിയിലുമാണ് തോട്ടം തൊഴിലാളികള്‍.
സുരക്ഷിതമായി റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി പുതിയ കെട്ടിടം അടിയന്തരമായി നിര്‍മിക്കണമെന്നാണ് തോട്ടം തൊഴിലാളികളുടെ ആവശ്യം.