ഇടുക്കി: ജീവിതത്തില്‍ ഓരോരുത്തരും നടത്തുന്ന ഓരോ യാത്രകളും നല്‍കുക വ്യത്യസ്ഥതമായ അനുഭവങ്ങളാണ്. അതുക്കൊണ്ട് എല്ലാവര്‍ക്കും യാത്രകള്‍ എന്നും ഹരമാണ് അതും ഒറ്റക്കാണെങ്കില്‍ യാത്ര അതിമനോഹരമാണെന്ന് പറയുന്ന നിരവധി പേരുണ്ട്. എന്നാല്‍ യാത്രകള്‍ ചെയ്യുമ്പോള്‍ ഏറ്റവും അടുത്ത ഒരാള്‍ കൂടി കൂടെയുണ്ടാകുന്നതാണ് യാത്രയെ ഏറ്റവും സുന്ദരമാക്കുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കിയിലെ ഒരു യുവാവ്.
കമ്പിളികണ്ടം മുക്കുടം സ്വദേശിയായ ജോബെറ്റ് എന്ന യുവാവാണ് തന്‍റെ യാത്രകളിലെല്ലാം സന്തതസഹചാരിയായ ജൂലിയെ കൂടെ കൂട്ടി യാത്രകള്‍ മനോഹരമാക്കുന്നത്. ജൂലിയെന്നാല്‍ മറ്റാരുമല്ല. ജോബെറ്റ് വളരെയധികം സ്‌നേഹത്തോടെ ലാളിച്ച് വളര്‍ത്തുന്ന നായയാണ്.
ബ്യൂട്ടിഷനായ ജോബെറ്റിന്‍റെ കടയുടെ അടുത്ത് നിന്നാണ് ദിവസങ്ങള്‍ മാത്രം പ്രായമായ ജൂലിയെ കിട്ടിയത്. ഉടന്‍ തന്നെ ജൂലിയെ വീട്ടിലെത്തിച്ച് വളര്‍ത്താന്‍ തീരുമാനിച്ചു. അങ്ങനെ ജൂലിയിപ്പോള്‍ ജോബെറ്റിന്‍റെ വീട്ടിലെ അംഗമായി.
ആറ് മാസം മാത്രം പ്രായമുള്ള ജൂലിയെ ഒരിക്കല്‍ ജോബെറ്റ് പുറത്ത് പോയ സമയത്ത് വെറുതെ സ്‌കൂട്ടറില്‍ കയറ്റിയതായിരുന്നു. എന്നാല്‍ സ്‌കൂട്ടറില്‍ ജൂലി അനുസരണയോടെ ഇരുന്ന് കാഴ്‌ചകള്‍ ആസ്വദിക്കുന്നുണ്ടെന്ന് മനസിലായി. എത്ര തിരക്ക് പിടിച്ച റോഡിലൂടെ പോയാലും ജൂലി അനുസരണയോടെ ഇരിക്കുകയും സൗമ്യമായി പെരുമാറുകയും ചെയ്യും.
ഇങ്ങനെ എത്ര ദൂരം വേണമെങ്കിലും ജൂലിക്ക് യാത്ര ചെയ്യാന്‍ മടിയില്ല. ജോബെറ്റ് എപ്പോള്‍ സ്‌കൂട്ടറില്‍ കയറിയാലും ജൂലിയുമുണ്ടാകും കൂടെ. നാടന്‍ ഇനത്തില്‍പ്പെട്ട നായയാണ് ജൂലി. ജൂലിയുടെ അനുസരണ ശീലം തിരിച്ചറിഞ്ഞ ജോബെറ്റ് ജൂലിക്ക് കൂടുതല്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചു.
മാത്രമല്ല ജൂലിക്കൊപ്പമുള്ള തന്‍റെ സുന്ദര യാത്രകള്‍ ലോകത്തെ അറിയിക്കാനായി ജോബെറ്റ് ജോ റിംഗ് മാസ്റ്റര്‍ എന്ന യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയിട്ടുണ്ട്.
also read: ഇടുക്കിയുടെ അതിരപ്പള്ളി, സാഹസിക സഞ്ചാരികളെ കാത്ത് കുത്തുങ്കൽ