ഇടുക്കി: മൂന്നാറിലെ നയ്‌മക്കാട് എസ്‌റ്റേറ്റില്‍ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിനായി ഡ്രോണുകള്‍ ഉപയോഗിക്കാനാണ് വനംവകുപ്പിന്‍റെ നീക്കം. മേഖലയില്‍ കൂടുകള്‍ സ്ഥാപിച്ച് കടുവയെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് വനം വകുപ്പ് മറ്റുമാര്‍ഗം തേടുന്നത്.
നയ്‌മക്കാട് എസ്‌റ്റേറ്റിന് രണ്ട് കിലോമീറ്റര്‍ അപ്പുറമാണ് കടുവയെ കണ്ടത്. പ്രദേശവാസികളില്‍ ഭൂരിഭാഗവും പേരും തോട്ടം തൊഴിലാളികളായതിനാല്‍ ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. പുലര്‍ച്ചെ തന്നെ തോട്ടം തൊഴിലാളികള്‍ക്ക് ജോലിക്കിറങ്ങേണ്ടത് കൊണ്ടാണ് പ്രദേശത്ത് നിരീക്ഷണം നടത്താൻ ഡ്രോണുകൾ വിന്യസിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കടുവകളുടെയും പുള്ളിപുലികളുടെയും ഇണചേരല്‍ സമയമാണിതെന്നും അതുകൊണ്ട് അവ അടുത്തുള്ള ഇരവിക്കുളം നാഷണല്‍ പാര്‍ക്കിലേക്കും മറ്റിടങ്ങളിലേക്കും പോവാന്‍ സാധ്യയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും മേഖലയിലുണ്ടാകുമെന്നും ഉറപ്പ് നല്‍കി. മാത്രമല്ല കടുവയെ പിടികൂടുന്നതിനായി മേഖലയില്‍ നൈറ്റ് വിഷന്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്‌ച രാത്രി ഒന്‍പത് മണിയോടെയാണ് പ്രദേശവാസികള്‍ കടുവയെ കണ്ടത്. ശനിയാഴ്‌ച മേഖലയിലെ 10 പശുക്കള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പശുക്കള്‍ കൊല്ലപ്പെട്ടതിന് സമീപമുള്ള 3 കിലോമീറ്റര്‍ പരിധിയിലാണ് കടുവയുടെ സാന്നിധ്യമുണ്ടായത്. കടുവയുടെ ആക്രമണത്തില്‍പ്പെട്ട് വളര്‍ത്ത് മൃഗങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ക്ക് 35,000 രൂപ നഷ്‌ട പരിഹാരം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിചേര്‍ത്തു.
also read: മൂന്നാറില്‍ ആക്രമണം നടത്തിയ കടുവയെ പെരിയവര റോഡരികിൽ കണ്ടെത്തി