ഇടുക്കി: രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം കടുവ ഇറങ്ങിയതായി നാട്ടുകാർ. ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് രാമക്കൽമേട്ടിൽ സ്ഥിതി ചെയ്യുന്ന ശ്രീരാമ ക്ഷേത്രത്തിലെ ജീവനക്കാരൻ കടുവയുടെ മുരൾച്ച കേട്ടതായി അറിയിച്ചത് . അരമണിക്കൂറോളം ക്ഷേത്ര പരിസരത്ത് മുരൾച്ച കേട്ടതിനെ തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരെത്തി തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. രാവിലെ നടത്തിയ തെരച്ചിലിലാണ് ക്ഷേത്രത്തിനുള്ളിൽ വിവിധയിടങ്ങളിലും പരിസര പ്രദേശങ്ങളിലും കടുവയുടേതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയത്.
കല്ലാർ ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ കാൽപാടുകൾ പൂച്ചപ്പുലിയുടേതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. കൂടുതൽ പരിശോധനകൾക്കായ് തെളിവുകളും ചിത്രങ്ങളും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചു. കമ്പംമേട്, ബാലൻ പിള്ള സിറ്റി, ചോറ്റുപാറ, ചതുരംഗപ്പാറ, കോമ്പ മുക്ക് തുടങ്ങിയിടങ്ങളിൽ പുലിയുടെയും കടുവയുടെയും സാന്നിധ്യം പല തവണ കണ്ടെത്തിയിരുന്നു. വളർത്തു മൃഗങ്ങളെയും കൊന്നിരുന്നു. ഇന്ന് നെടുങ്കണ്ടം ബിഎഡ് സെന്‍ററിന് സമീപവും പുലിയുടെ കാൽപാടുകൾ കണ്ടെന്ന് വിവരമുണ്ടായിരുന്നു. എന്നാൽ ഇത് വളർത്ത് മൃഗങ്ങളുടേതാവാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
പെരിയാർ ടൈഗർ റിസർവിൻ്റെ ഭാഗമായ തമിഴ്‌നാട് കമ്പം സംരക്ഷിത വന മേഖലയിൽ നിന്ന് മുന്‍പും പുലിയും കടുവയും മേഖലയിൽ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു .കേരള തമിഴ്‌നാട് ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റുകൾ അടിയന്തിരമായി ഇടപെട്ട് ആശങ്ക ദുരീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.