ഇടുക്കി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയില്‍ അഞ്ചാംമൈല്‍ ആദിവാസി കോളനിക്ക് സമീപം ശുചിമുറി മാലിന്യം തള്ളിയ കേസില്‍ മൂന്ന് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്‌തു. 15 ദിവസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് ആദിവാസി കോളനിക്ക് സമീപം മാലിന്യം നിക്ഷേപിച്ച എറണാകുളം പള്ളുരുത്തി സ്വദേശികളായ അസര്‍ത്ത്, ആസീഫ്, തോപ്പുംപടി സ്വദേശി നഹാസ് എന്നിവര്‍ അടിമാലി പൊലീസിന്‍റെ വലയിലായത്. ഇവര്‍ മാലിന്യം നിക്ഷേപിക്കാന്‍ ഉപയോഗിച്ച ടാങ്കര്‍ ലോറിയും എറണാകുളത്തു നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ മാസം മൂന്നിന് രാത്രിയിലാണ് ദേശീയ പാതയോരത്ത് മാലിന്യം നിക്ഷേപിച്ചത്. മാലിന്യം ജനവാസമേഖലയിലേക്ക് ഒഴുകിയെത്തുകയും ദുര്‍ഗന്ധം ഉയരുകയും ചെയ്തതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും ഇടപെട്ട് മാലിന്യം സംസ്‌ക്കരിച്ചു .
മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പഞ്ചായത്ത് 10,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും വിഷയം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അടിമാലി ടൗണില്‍ നിന്നും ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലും അവ്യക്തമായ ചില സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. അടിമാലി മേഖലയില്‍ നിന്നും ശേഖരിച്ച മാലിന്യമാണ് പ്രതികള്‍ ദേശീയപാതയോരത്ത് നിക്ഷേപിച്ചതെന്നാണ് പ്രാഥമിക വിവരം. എന്വയോണ്മെന്റല് പ്രോട്ടക്ഷന്‍ ആക്ട് ഉള്‍പ്പെടെ നാല് വകുപ്പുകളാണ് പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അടിമാലി എസ്‌ഐ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.