ഇടുക്കി: കലാവസ്ഥാ വ്യതിയാനവും മറ്റ് പ്രതിസന്ധികളും വകവെക്കാതെ മുടങ്ങാതെ നെല്‍കൃഷി ചെയ്യുകയാണ് തൊട്ടിത്താഴത്തുള്ള കർഷകർ. അന്‍പതോളം കർഷരാണ് പ്രതിസന്ധികളെ അതിജീവിച്ച് നൂറേക്കറോളം വരുന്ന പാടശേഖരത്ത് കൃഷിയിറക്കുന്നത് . കുടിയേറ്റ കാലം മുതല്‍ ഇന്നോളം ഇവിടെ നെല്‍കൃഷി മുടങ്ങിയിട്ടില്ല.
വര്‍ധിച്ച് വരുന്ന ഉല്‍പ്പാദന ചെലവും തൊഴിലാളി ക്ഷാമവും മൂലം ഹൈറേഞ്ചിലെ പാടശേഖരങ്ങളിൽ നിന്നും നെല്‍കൃഷി പടിയിറങ്ങിയ സാഹചര്യത്തിലും ലാഭ നഷ്ടങ്ങളുടെ കണക്ക് നോക്കാതെയാണ് ഇവർ കൃഷി ചെയ്യുന്നത്.പ്രതിസന്ധികളെ നേരിട്ട് മുമ്പോട്ട് പോകുമ്പോഴും ഇവര്‍ക്ക് വേണ്ട രീതിയിലുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ എത്തുന്നില്ലെന്ന പാരാതിയും ഉയരുന്നുണ്ട്.
രണ്ട് കൃഷിയിറക്കുന്ന പാടത്ത് വേനലില്‍ വെള്ളമെത്തിക്കുന്നതിന് തടയണയും മഴക്കാലത്ത് ശക്തമായ വെള്ളപ്പാച്ചിലില്‍ തകരുന്ന ബണ്ടും സംരക്ഷിക്കണമെന്നതാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ പ്രളയത്തില്‍ ബണ്ട് തകര്‍ന്ന് ഏക്കർ കണക്കിന് കൃഷിനാശമാണ് ഉണ്ടായത്. എന്നാല്‍ കൃഷി നഷ്ടപ്പെട്ടവര്‍ക്ക് വേണ്ട രീതിയിലുള്ള സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല. വരുന്ന മഴക്കാലത്തിന് മുൻപ് ബണ്ട് നിർമിക്കുന്നതിന് അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്.