ഇടുക്കി തൊടുപുഴയിൽ ഏഴ്വയസുകാരനെ മർദ്ദിച്ചകേസിലെ പ്രതി അരുൺ ആനന്ദിനെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ഇടുക്കി ജില്ല കോടതി അരുണിനെ റിമാൻഡ് ചെയ്തത്. പ്രതി കുട്ടിയെ ലൈംഗികമായും പീഡിപ്പിച്ചെന്ന് ഇടുക്കി എസ്പി കെ.ബി വേണുഗോപാൽ അറിയിച്ചു.
പ്രതിയെ ഇവർ താമിസിച്ചിരുന്ന തൊടുപുഴയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൂടാതെ ഇളയ കുട്ടിയെ മർദ്ദിച്ചതിനും അരുണിനെതിരെ പ്രത്യേകം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതി മയക്കുമരുന്നിന് അടിയാണെന്നാണ് പ്രഥമിക നിഗമനം. പോക്സോ, വധശ്രമംതുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് പറയാറായിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കുട്ടി അതിജീവിക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. നിലവിലെ ചികിത്സകള്‍ തുടരാനാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം.
ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം എടുത്ത സ്കാനിങ് പ്രകാരവും കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രിയിലും പരിസരത്തും നൂറ് കണക്കിന് പേരാണ് തടിച്ചു കൂടിയിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളെ ഭയന്ന് കുട്ടിയുടെ അമ്മ ആദ്യം ഇക്കാര്യം പുറത്ത് പറഞ്ഞില്ല. പ്രതിക്കെതിരെ തലസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ജഗതിയില്‍ സുഹൃത്തിനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് അരുണ്‍. ഇളയകുട്ടി സോഫയില്‍ മൂത്രമൊഴിച്ചതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചത്.