ഇടുക്കി: തൊടുപുഴ കുമാരമംഗലത്ത് മാതാവിന്റെ സുഹൃത്ത് എഴുവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുട്ടം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കൊലപാതകം, കുട്ടിയെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതി അരുണിനെതിരെ ചുമത്തിരിക്കുന്നത്. തെളിവുകൾ നശിപ്പിക്കൽ കൃത്യത്തിന് കൂട്ടുനിൽക്കൽ തുടങ്ങിയവയാണ് കുട്ടിയുടെ മാതാവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
കഴിഞ്ഞ മാർച്ചിലായിരുന്നു ഏഴു വയസുകാരനെതിരായ അതിക്രമം അരങ്ങേറിയത്. ഉറക്കത്തിനിടെ സോഫയിൽ മൂത്രമൊഴിച്ച കുട്ടിയെ അരുൺ മർദിക്കുകയായിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ആറിന് കുട്ടി മരണത്തിന് കീഴടങ്ങി. കുട്ടിയുടെ സഹോദരനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ അരുൺ ആനന്ദിനെതിരെ കഴിഞ്ഞ ദിവസം തൊടുപുഴ പോക്സോ കോടതിയിൽ പൊലിസ് കുറ്റപത്രം സമർപ്പിച്ചിരുന്നു