ഇടുക്കി : മുപ്പത്തിയഞ്ചാമത് കേരള ശാസ്‌ത്ര കോൺഗ്രസിന്‍റെ ഭാഗമായുള്ള ദേശീയ പ്രദർശനം ആരംഭിച്ചു. ഇടുക്കിയിലെ കുട്ടിക്കാനം എം ബി സി കോളജ് ഓഫ് എഞ്ചിനീയറിങ് ആന്‍റ് ടെക്നോളജിയിലാണ് ശാസ്‌ത്ര കോൺഗ്രസ് നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
വിദ്യാർഥികളിൽ ശാസ്‌ത്ര അഭിരുചി വളർത്തുന്നതിനും പൊതുജനങ്ങൾക്ക് കൗതുകവും അറിവും പ്രദാനം ചെയ്യുന്നതിനും ഈ രംഗത്തുള്ളവർ ഒത്തുചേർന്ന് അനുഭവങ്ങളും കണ്ടുപിടിത്തങ്ങളും അവതരിപ്പിക്കുന്നതിനാണ് എല്ലാ വർഷവും പരിപാടി സംഘടിപ്പിക്കുന്നത്. കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൺസിലും കേരള വനഗവേഷണ സ്ഥാപനവുമാണ് മേളയുടെ പ്രധാന സംഘാടകര്‍.
രാജ്യത്തെ 75 സ്ഥാപനങ്ങളുടെ 95 സ്‌റ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍, ഭാഭ അറ്റമിക് റിസർച്ച് സെന്‍റര്‍ തുടങ്ങിയ കേന്ദ്രങ്ങളുടെ സ്‌റ്റാളുകൾ ഇതിലുണ്ട്. സാധാരണക്കാരുടെയും വിദ്യാർഥികളുടെയും കണ്ടുപിടിത്തങ്ങളും മേളയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ആയിരത്തോളം ശാസ്‌ത്ര വിദ്യാർഥികളും ഗവേഷകരുമെത്തുന്ന ശാസ്‌ത്ര കോൺഗ്രസിൽ വിവിധ വിഷയങ്ങളിൽ 181 പ്രബന്ധങ്ങൾ അവതരിപ്പിക്കും. ‘നാനോ സയൻസും നാനോ ടെക്നോളജിയും മാനവ ക്ഷേമത്തിന്’ എന്നതാണ് ഇത്തവണത്തെ മുഖ്യവിഷയം. ഫെബ്രുവരി 14 വരെ പ്രദർശനം ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.