ഇടുക്കി: പ്രതിസന്ധിയിലായ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾക്ക് പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ തേക്കടിയ്ക്കും മൂന്നാറിനും ഇടയിലുള്ള പ്രധാന പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾ എല്ലാം തന്നെ ഉടുമ്പൻചോല നിയോജക മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് കുടുംബങ്ങളാണ് ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്നത് . ഇവർ ഇപ്പോൾ വൻ പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ALSO READ:ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ എസ്. ജയ്ശങ്കർ പങ്കെടുക്കും
തൂവൽ വെള്ളച്ചാട്ടം, രാമക്കൽമേട് ,കൈലാസപ്പാറ,ചതുരംഗപ്പാറ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം ടൂറിസത്തെ ആശ്രയിച്ചു നിരവധി ടൂറിസം സ്ഥാപനങ്ങളും വിനോദ കേന്ദ്രങ്ങളുമുണ്ട്. ഇവയെല്ലാം മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. സർക്കാർ സഹായങ്ങൾ എത്തുന്നുണ്ടെങ്കിലും ടൂറിസം മേഖല പഴയ സ്ഥിതിയിൽ ആകണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കണം. ഈ ഒരു സാഹചര്യത്തിൽ മേഖലയെ ആശ്രയിച്ച് കഴിയുന്നവർക്ക് പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുകയാണ് . ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് നിവേദനം നൽകി.
ALSO READ:സ്ലീസ് സിഡി കേസ്: എസ്‌ഐടിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക ഹൈക്കോടതി
ഹോംസ്റ്റേകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, സ്പൈസ് ഗാർഡനുകൾ ആയുർവേദ ഉഴിച്ചിൽ കേന്ദ്രങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി അയ്യായിരത്തോളം ആളുകളാണ് വിനോദ സഞ്ചാര മേഖലയെ ഉപജീവന മാർഗമാക്കിയിരിക്കുന്നത്. ടൂറിസം മേഖല സജീവമാകുന്നതുവരെ ഇത്തരക്കാരെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ പദ്ധതി ഉണ്ടാവണം എന്നാണ് ആവശ്യം.