ഇടുക്കി: അടിമാലി മേഖലയില്‍ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം പതിവാകുന്നു. അടിമാലി കാംകോ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്. പള്ളിയുടെ വാതില്‍ വെട്ടിപ്പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് ഭണ്ഡാരപ്പെട്ടി തകര്‍ത്ത് പണം കവര്‍ന്നു. പള്ളിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ വാതില്‍ തകര്‍ത്ത് മേശക്കുള്ളിലും അലമാരക്കുള്ളിലും സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. പള്ളിയുടെ വാതിലും ഓഫീസിന്റെ വാതിലും സമാന രീതിയിലാണ് തകര്‍ക്കപ്പെട്ടിട്ടുള്ളത്. ഏകദേശം മുക്കാല്‍ ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പള്ളിയിലെത്തി തെളിവുകള്‍ ശേഖരിച്ചു
ഏതാനും നാളുകള്‍ക്ക് മുമ്പ് അടിമാലി യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയിലും രണ്ട് തവണ മച്ചിപ്ലാവ് അസീസി ദേവാലയത്തിന്റെ ഭാഗമായുള്ള ഭണ്ഡാരകുറ്റിയിലും മോഷണം നടന്നിരുന്നു. അടിമാലി ഇരുന്നൂറേക്കറില്‍ ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ മാല ദിവസങ്ങള്‍ക്ക് മുന്‍പാണ് കവര്‍ന്നത്. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.