ഇടുക്കി : പെരുവന്താനം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പാതയോരം ഉദ്യാനവല്‍കരണ പദ്ധതിക്ക് തുടക്കമായി. തൊഴിലുറപ്പ് തൊഴിലാളികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ പാതയിലെ പ്രധാന കവലകളില്‍ പ്രത്യേക സ്ഥലം കണ്ടെത്തി പൂന്തോട്ടം ഒരുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി ദേശീയപാത 183-ല്‍ കല്ലേപാലം മുതല്‍ മുറിഞ്ഞപുഴ വരെയുള്ള ഭാഗത്തെ റോഡിന്റെ ഇരുവശത്തും വൃക്ഷത്തൈകളും ചെടികളും നട്ടു പരിപാലിക്കും.
പദ്ധതിയുടെ വിജയത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം അഭ്യര്‍ഥിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു പറഞ്ഞു. ദേശീയപാതയോരത്തെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും ഈ മാതൃകാ പദ്ധതി പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.