ഇടുക്കി: വീടിന്‍റെ ടെറസില്‍ വള്ളിപ്പയർ, ചീര, പാവൽ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ നാട്ടിലുണ്ട്. എന്നാല്‍ ടെറസ് ചെറിയൊരു വയലാക്കി നെല്‍കൃഷി പരീക്ഷിച്ച് വിജയിച്ച കര്‍ഷകനാണ് അടിമാലി വള്ളപ്പടി സ്വദേശി പ്രഭാത്.
ദേശീയ പാതയോരത്തുള്ള പ്രഭാതിന്‍റെ വീടിന് മുകളില്‍ നെല്‍ക്കതിരുകള്‍ വിളവെടുപ്പിന് പാകമായി വരികയാണ് ഇപ്പോൾ. അഞ്ച് വര്‍ഷമായി പ്രഭാത് വീടിന് മുകളില്‍ ഈ നെല്‍കൃഷി ആരംഭിച്ചിട്ട്. കൃത്യമായ ഇടവേളകളില്‍ വിളവെടുക്കുകയും ചെയ്യും. മനു രത്‌ന ഇനത്തില്‍പ്പെട്ട നെല്ലാണ് കൃഷിക്കായി ഉപയോഗിച്ചിട്ടുള്ളത്. കൊയ്‌തെടുക്കുന്ന നെല്ല് അരിയാക്കി വീട്ടാവശ്യത്തിനു തന്നെയാണ് ഉപയോഗിക്കുന്നത്. കൂടാതെ വീടിനോട് ചേര്‍ന്നുള്ള പടുതാക്കുളങ്ങളിലെ മത്സ്യ കൃഷിയും പ്രഭാത് വിജയകരമായി മുൻപോട്ട് കൊണ്ടു പോകുന്നുണ്ട്.
പടുതാകുളത്തില്‍ നിന്നും വെള്ളം ഇടയ്‌ക്കിടെ പമ്പ് ചെയ്‌ത് ടെറസിന് മുകളിലെ വയലിലെത്തിക്കും. ഈ ജലത്തിലെ മാലിന്യം നെല്‍ച്ചെടികള്‍ക്ക് വളമാകും. ശേഷം ഈ വെള്ളം തന്നെ മറ്റൊരു പൈപ്പിലൂടെ തിരികെ മീന്‍ കുളങ്ങളില്‍ എത്തിക്കും. തികച്ചും ജൈവരീതിയിലുള്ള കൃഷിയാണ് പ്രഭാത് പിന്തുടരുന്നത്.
സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യഫെഡിന്‍റെ സഹായത്തോടെ ബയോ ഫ്‌ളോക്ക് രീതിയിലും പ്രഭാത് മത്സ്യകൃഷി നടത്തുന്നുണ്ട്. ടെറസിന് മുകളിലെ നെല്‍കൃഷി പരീക്ഷണം പോലെ ആവശ്യപ്പെടുന്നവര്‍ക്ക് അപ്പോള്‍ തന്നെ കുളങ്ങളില്‍ നിന്നും മീൻ പിടിച്ച് നല്‍കി മീന്‍ വളര്‍ത്തല്‍ കൂടുതല്‍ ആദായകരമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പ്രഭാത്.