ഇടുക്കി: കണ്ണിമാങ്ങാക്കാലം ഏതൊരു മലയാളികളുടെയും നാവിലെ രുചിയുള്ള ഓർമയാണ്. ആകാശം മുട്ടിയുരുമ്മി നിന്നിരുന്ന നാട്ടുമാവിന്‍റെ ശിഖിരങ്ങളിൽ കയറി കണ്ണിമാങ്ങകൾ കുലയോടെ പറിച്ചിരുന്ന ഒരു കാലം ഹൈറേഞ്ചുകാർക്കുണ്ടായിരുന്നു. എന്നാൽ വനനശീകരണത്തിന്‍റെ ഭാഗമായി മരങ്ങൾ വെട്ടിമാറ്റപ്പെട്ടപ്പോൾ ഭൂമിയ്ക്ക് കുടയായി നിന്നിരുന്ന നാട്ടുമാവുകളും ഹൈറേഞ്ചിൽ നിന്നും അപ്രത്യക്ഷമായി. പകരം അത്യുൽപാദനശേഷിയുള്ള ചെറിയ മാവുകൾ വീട്ടുമുറ്റങ്ങളിൽ സ്ഥാനം പിടിച്ചു. എന്നാൽ ഹൈറേഞ്ചുകാർക്ക് നഷ്‌ടപ്പെട്ടത് ഒരു സംസ്‌കാരം കൂടിയായിരുന്നു. എങ്കിലും ഹൈറേഞ്ചുകാർ സംതൃപ്‌തരാണ്. മുൻപ് ആകാശത്തെ ചുംബിച്ചുനിന്നിരുന്ന നാട്ടുമാവിൽ നിന്നായിരുന്നു കണ്ണിമാങ്ങകൾ പറിച്ചിരുന്നത് എങ്കിൽ ഇന്നത് ഒട്ടുമാവിൽ നിന്നാണെന്നുമാത്രം.
വൻകിട അച്ചാർ കമ്പനികളാണ് കണ്ണിമാങ്ങാക്കാലം ഏറെ പ്രയോജനപ്പെടുത്തുന്നത്. പഴയ രീതിയിൽ വീടുകളിൽ അച്ചാർ ഉണ്ടാക്കി ഉപയോഗിക്കാൻ ആരും സമയം കണ്ടെത്താത്തത് കൊണ്ടുതന്നെ പായ്‌ക്കറ്റുകളായി വിപണിയിൽ ലഭിക്കുന്ന അച്ചാറുകളെയാണ് ഏറെ പേരും ആശ്രയിക്കുന്നത്. മാവ് കായ്ച്ച് തുടങ്ങുമ്പോള്‍ തന്നെ മുന്‍കൂറായി കച്ചവടമുറപ്പിക്കുന്ന രീതി ഹൈറേഞ്ചിലും നാട്ടിൻപ്രദേശങ്ങളിലും വ്യാപകമാണ്. ഡിസംബർ അവസാന വാരത്തില്‍ തന്നെ മാവുകള്‍ പൂത്ത് തുടങ്ങിയിരുന്നു. എന്നാൽ മഞ്ഞ് വീഴ്‌ചയും വേനല്‍ച്ചൂടും മാങ്ങയുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. പൊതു വിപണിയില്‍ മുന്തിയ ഇനം കണ്ണിമാങ്ങകൾക്ക് കിലോഗ്രാമിന് 80 രൂപ വരെ വിലയുണ്ട്. വിളവെടുപ്പ് കാലമായതോടെ മാങ്ങാവിപണി സജീവമായി. വിദൂര ദിക്കുകളിലേക്ക് ഉള്‍നാടുകളില്‍ നിന്ന് മാങ്ങ കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്.