ഇടുക്കി: തൊഴില്‍ രംഗത്ത് കാര്യമായ പരിഗണന ലഭിക്കാതെ സംസ്ഥാനത്തെ ഏകാധ്യാപക സ്‌കൂളുകളിലെ അധ്യാപകര്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തെ മുന്നൂറ്റിനാല്പതോളം വരുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശമ്പളം മുടങ്ങിക്കിടക്കുകയാണ്. തൊഴില്‍ സുരക്ഷിതത്വവും കൃത്യമായ വേതനവും ആവശ്യപ്പെട്ട് തിരുവനന്തപുരം അമ്പൂരിയില്‍ അഗസ്ത്യാ എംജിഎല്‍സിയിലെ അധ്യാപികയായ ഉഷാമോഹനന്‍ സമരത്തിലാണ്. ഉഷാമോഹനന്‍റെ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഇടുക്കിയിലെ അധ്യാപകര്‍ അടിമാലി തലനിരപ്പന്‍കുടി ഏകാധ്യാപക സ്‌കൂളില്‍ ഒരു ദിവസത്തെ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. സമരം തുടരുമ്പോഴും വിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
ആദിവാസി പിന്നോക്ക മേഖലകളില്‍ സേവനം നടത്തുന്നവരാണ് സംസ്ഥാനത്തെ ഏകാധ്യാപക സ്‌കൂളുകളിലെ അധ്യാപകര്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലായിരുന്ന് ആദ്യ ഘട്ടങ്ങളില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. പിന്നീട് ഡി.പി.ഇ.പിക്ക് കീഴിലും എസ്.എസ്.എക്ക് കീഴിലും ഒടുവില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലുമായി വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം. 5000 രൂപയുണ്ടായിരുന്ന വേതനം 15000 രൂപയായി വര്‍ധിപ്പിച്ചെങ്കിലും തങ്ങള്‍ക്ക് ശമ്പളം മുടങ്ങാതെ ലഭിക്കുന്നില്ലെന്നാണ് അധ്യാപകരുടെ പരാതി.