ഇടുക്കി: മൂന്നാര്‍ പള്ളിവാസലില്‍ ഗതാഗത തടസം സൃഷ്‌ടിച്ചത് ചോദ്യം ചെയ്‌ത പൊലീസുകാരനെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാറില്‍ വാഹനമോടിക്കുന്ന അരുൺ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൂട്ടുപ്രതികളായ ബാലമുരുകന്‍, രവിചന്ദ്രന്‍, സുരേഷ് എന്നിവര്‍ ഒളിവിലാണ്.
മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ സജീവനാണ് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും മര്‍ദനമേറ്റത്. ചൊവ്വാഴ്ച്ച വൈകിട്ട് സജീവന്‍ മഫ്‌തിയില്‍ പള്ളിവാസലില്‍ എത്തിയപ്പോള്‍ മൂലക്കടക്ക് സമീപത്ത് ലോറി ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌ത സജീവനെ ടാക്‌സി ഡ്രൈവര്‍മാര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായ അരുണ്‍. ഒളിവില്‍ പോയിരിക്കുന്ന മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.