ഇടുക്കി: വകുപ്പുകൾ തമ്മിലുള്ള വടംവലിയെ തുടർന്ന് 17 കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന നെടുങ്കണ്ടം - മൈലാടുംപാറ - രാജാക്കാട് റോഡിന് നടുവിൽ ഇലക്ട്രിക് പോസ്റ്റുകൾ നില നിർത്തിക്കൊണ്ട് ടാറിങ് ജോലികൾ പൂർത്തീകരിച്ചു. 18 ഓളം പോസ്റ്റുകളാണ് ടാറിങ് നടത്തിയ റോഡിനുള്ളിൽ നിൽക്കുന്നത്. കൊടും വളവിലും കുത്തനെയുള്ള ഇറക്കത്തിലും റോഡിനു നടുവിൽ നിൽക്കുന്ന പോസ്റ്റുകൾ വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്തെ മൂന്നാറുമായി കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലയോര ഹൈവേയുടെ ഭാഗമാക്കി ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിലാണ് പി.ഡബ്ല്യൂ.ഡി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ വടംവലി. മുൻ മന്ത്രി എം.എം മണിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് 10 കിലോമീറ്റർ ദൂരത്തില്‍ ദേശീയ നിലവാരത്തിൽ റോഡ് പുതുക്കിപ്പണിയുന്നത്.
പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുവാൻ പലതവണ കെ.എസ്.ഇ.ബിയെ സമീപിച്ചിട്ടും മാറ്റുന്നില്ലന്നാണ് പി.ഡബ്ല്യൂ.ഡി അധികൃതർ പറയുന്നത്. എന്നാൽ മാറ്റി സ്ഥാപിക്കുവാനുള്ള പണം അടയ്ക്കുന്നതിലടക്കം കാലതാമസം ഉണ്ടായതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കെ.എസ്.ഇ.ബി വാദം.
read more: 'രാജ്യത്തിനാവശ്യം ശ്വാസം' ; പ്രധാനമന്ത്രിയുടെ വസതിയല്ലെന്ന് രാഹുൽ ഗാന്ധി
ഇതിനിടെ കഴിഞ്ഞ ദിവസമാണ് പോസ്റ്റുകൾ റോഡിന് നടുവിൽ തന്നെ നിലനിർത്തിക്കൊണ്ട് റോഡില്‍ ടാറിങ് നടത്തിയത്. അതേസമയം ഉദ്യോഗസ്ഥരുടെ വടംവലി മൂലം വൻ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നുമാണ് നാട്ടുകാർ പറയുന്നത്. പോസ്റ്റുകൾ എത്രയും വേഗം മാറ്റിസ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.