ഇടുക്കി: അതിര്‍ത്തി മേഖലയില്‍ നിരീക്ഷണം ശക്തമാക്കാന്‍ തമിഴ്‌നാട് വനം വകുപ്പ് പദ്ധതികള്‍ ഒരുക്കുന്നു. വന്യജീവികള്‍ ജനവാസമേഖലകളിലേയ്ക്ക് ഇറങ്ങുന്നുണ്ടോ എന്ന് നീരിക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കും. വനം കൊള്ളയും ലഹരി കടത്തും തടയുകയാണ് പ്രധാന ലക്ഷ്യം. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ രാമക്കല്‍മേട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ക്യാമറ സ്ഥാപിയ്ക്കുന്നതിനാണ് തമിഴ്‌നാട് വനം വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.
തമിഴ്‌നാടിന്‍റെയും കേരളത്തിന്‍റെയും വനമേഖലകളില്‍ നിന്ന് കാട്ടാനകള്‍ കൃഷിയിടങ്ങളിലേയ്ക്ക് എത്തുന്നത് പതിവാണ്. കുരങ്ങ് ശല്യവും അതിരൂക്ഷമാണ്. തമിഴ്‌നാട് അധീന വനമേഖലയില്‍ നിന്നും കടുവ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ രാമക്കല്‍മേട്, അണക്കരമെട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ക്യാമറ സ്ഥാപിക്കുന്നതോടെ വനമേഖലയിലേയ്ക്കുള്ള അനധികൃത കടന്ന് കയറ്റവും കണ്ടെത്താനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.