ഇടുക്കി: തമിഴ്‌നാട്ടിൽ ജനവാസ മേഖലയില്‍ ഇറങ്ങി വിഹരിച്ച അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വച്ച് പിടികൂടി. തമിഴ്‌നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും ആനയെ മയക്കുവെടി വച്ചത്. ജൂണ്‍ നാലിന് രാത്രി 12.30നായിരുന്നു തമിഴ്‌നാട് വനംവകുപ്പിന്‍റെ നീക്കം.
തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്. ആന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വച്ചത്. രണ്ട് തവണ മയക്കുവെടി വച്ചുവെന്നാണ് വിവരം.
പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു വനംവകുപ്പിന്‍റെ നടപടികൾ. മയക്കുവെടിയേറ്റ കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ആനയുടെ കാലുകൾ ബന്ധിച്ച ശേഷമാണ് ടാസ്‌ക് ഫോഴ്‌സ് ആനയെ ആംബുലൻസിൽ കയറ്റിയത്. മൂന്ന് കുങ്കി ആനകളാണ് ദൗത്യത്തിനായി എത്തിയത്.
ആനയെ പിടികൂടിയ സ്ഥലത്തേക്ക് ആരെയും പ്രവേശിക്കാൻ വനപാലകർ അനുവദിച്ചിരുന്നില്ല. ആനയെ മേഘമലയിലെ വെള്ളിമല ഉൾക്കാട്ടിലേക്ക് മാറ്റുമെന്നാണ് വിവരം.
ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു. കമ്പത്ത് ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി സൃഷ്‌ടിച്ചതോടെ വനംവകുപ്പ് മെയ് 27 ന് അരിക്കൊമ്പൻ ദൗത്യം ആരംഭിച്ചു. അരിക്കൊമ്പന്‍ പരിഭ്രാന്തി ഉണ്ടാക്കിയതോടെ കമ്പം മുനിസിപ്പാലിറ്റിയിൽ ജില്ല അതോറിറ്റി നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള നീക്കങ്ങളും നടത്തിയിരുന്നു. എന്നാൽ അരിക്കൊമ്പൻ ഉൾവനത്തിലേക്ക് നീങ്ങിയതിനാൽ ദൗത്യസംഘത്തിന് ദൗത്യം നിർവഹിക്കാനായില്ല.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് ഇന്നലെ രാത്രി വനംവകുപ്പ് അരിക്കൊമ്പനെ രണ്ട് തവണയായി മയക്കുവെടി വച്ച് പിടികൂടിയത്. പിടികൂടിയ കൊമ്പന് ശ്രീവില്ലിപുത്തൂർ ഫോറസ്റ്റ് റിസർവിന്‍റെ കീഴിലുള്ള വെള്ളിമല വനമേഖലയിലാണ് ക്രമീകരണങ്ങൾ ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്.
ഏപ്രിൽ 29 ന്, കേരള വനംവകുപ്പ് അരിക്കൊമ്പനെ ഇടുക്കി ചിന്നക്കനാലിൽ നിന്ന് 105 കിലോമീറ്റർ അകലെയുള്ള പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആനയെ തുറന്നുവിട്ട സ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ താണ്ടി കൊമ്പന്‍ തമിഴ്‌നാട്ടിലെ കമ്പത്ത് എത്തി.
തമിഴ്‌നാട്ടില്‍ ആശങ്ക പരത്തി അരിക്കൊമ്പന്‍: ചിന്നക്കനാലില്‍ നിന്ന് പെരിയാറില്‍ എത്തിച്ച ശേഷം നേരത്തെയും അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ എത്തിയരുന്നു. മെയില്‍ മേഘമലയില്‍ എത്തിയ അരിക്കൊമ്പന്‍ വലിയ തോതില്‍ നാശം വരുത്തിയിരുന്നു. കൃഷി ഉൾപ്പെടെ നശിപ്പിക്കുകയും വനം വകുപ്പിന്‍റെ വാഹനം തകർക്കുകയും ചെയ്‌തതോടെ പ്രദേശത്ത് ആശങ്ക വര്‍ധിച്ചിരുന്നു. പിന്നാലെ മേഘമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്‌തു.
മേഘമലയിലെത്തി വാഴ കൃഷി നശിപ്പിച്ചതോടെ വനപാലകര്‍ ആനയെ തുരത്താനുള്ള ശ്രമം നടത്തിയിരുന്നു. ഈ സമയത്താണ് വനംവകുപ്പിന്‍റെ വാഹനത്തിന് നേരെ അരിക്കൊമ്പന്‍ ആക്രമണം നടത്തിയത്. മെയ് 14ന് രാത്രി രണ്ട് മണിക്ക് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയും അരിക്കൊമ്പന്‍ ആക്രമിച്ചിരുന്നു. റേഷന്‍കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരിയെടുക്കാന്‍ അരിക്കൊമ്പ് കഴിഞ്ഞില്ല.
മെയ് 27ന് അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തി. ഇതോടെയാണ് അരിക്കൊമ്പന്‍ വിഷയം തമിഴ്‌നാട്ടിലും ചൂടുപിടിച്ചത്. ആകാശത്തേക്ക് വെടിവച്ച് ആനയെ ജനവാസ മേഖലയില്‍ നിന്ന് മാറ്റാൻ തമിഴ്‌നാട് വനംവകുപ്പ് ശ്രമം നടത്തിയെങ്കിലും വിജയം കണ്ടിട്ടില്ല. പിന്നാലെയാണ് മയക്കുവെടി വച്ച് പിടികൂടാനുള്ള പദ്ധതി തമിഴ്‌നാട് തയ്യാറാക്കിയത്.