ഇടുക്കി : വരള്‍ച്ചയുടെ വക്കിലെത്തിയ ഇടുക്കിയുടെ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി വേനല്‍ മഴ. കടുത്ത ചൂടിൽ ഉണങ്ങിക്കരിഞ്ഞ ഏലം,കാപ്പി, കുരുമുളക് ചെടികൾക്കും മഴ അനുഗ്രഹമായി. വേനല്‍ മഴ ജില്ലയിലെ കനത്ത ചൂടിനും നേരിയ ശമനം ഉണ്ടാക്കിയിട്ടുണ്ട്.
വേനല്‍ ചൂട് കഠിനമായതോടെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു. ഏലം മേഖലയെയാണ് വേനല്‍ കൂടുതലായി ബാധിച്ചത്. വിലയിടിവിന് പിന്നാലെ ചെടികള്‍ കൂടി കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ ഈ സീസണില്‍ ഏലം കര്‍ഷകര്‍ വലിയ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയ സ്ഥിതിയിലായിരുന്നു.
പെരിയാര്‍ ഉള്‍പ്പടെയുള്ള നദികള്‍ വറ്റിയതോടെ ജലസേചന മാര്‍ഗങ്ങളും നിലച്ചു. ഇതിനിടെയാണ് വേനല്‍ മഴ ശക്തമായത്. ഇപ്പോൾ തോട്ടങ്ങളില്‍ വളമിട്ടും, മരുന്നടിച്ചും ചെടികളെ സംരക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഏലം കര്‍ഷകര്‍.
കുരുമുളക് ചെടികളെയും വേനല്‍ കാര്യമായി തന്നെ ബാധിച്ചിരുന്നു. ചൂടില്‍ കുരുമുളക് വള്ളികള്‍ ഉണങ്ങി വീഴുന്ന സ്ഥിതിയായിരുന്നു പലയിടത്തും. കാപ്പി, തേയില, ഗ്രാമ്പു, ജാതിക്ക കര്‍ഷകര്‍ക്കും വേനല്‍ ചൂട് തിരിച്ചടിയായി. വേനല്‍ മഴ ലഭിച്ചതോടെ പലയിടത്തും കാപ്പി ചെടികള്‍ വീണ്ടും പൂവിട്ട് തുടങ്ങിയിട്ടുണ്ട്. തേയില ചെടികളിലും വരും ദിവസങ്ങളില്‍ കൊളുന്ത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.